പാലക്കാട്: നെല്ലിയാമ്പതിയിൽ സ്വകാര്യബസ് സർവീസ് ആരംഭിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്ന് ഉച്ചക്കും വൈകീട്ടുമായി നെല്ലിയാമ്പതിയിലേക്കും തിരിച്ച് നെന്മാറയിലേക്ക് സർവീസുണ്ടായിരുന്നു. പ്രളയത്തിൽ റോഡ് ഗതാഗതം പൂർണമായും തകർന്ന നെല്ലിയാമ്പതി അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷം ബസ് സർവീസ് പുനരാരംഭിച്ചത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി. നെല്ലിയാമ്പതിയിലേക്ക് ഒരു സ്വകാര്യ ബസും നാല് കെ.എസ്.ആർ.ടി.സികളുമാണ് സർവീസ് നടത്തിയിരുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് എന്നു പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.