പാലക്കാട്: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ താഴെയിറക്കാൻ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. യു.ഡി.എഫിന്റെ 17 അംഗങ്ങളും വെൽഫെയർ പാർട്ടിയുടെ ഒരംഗവും ഒപ്പിട്ട നോട്ടീസാണ് നഗരകാര്യവകുപ്പ് കോഴിക്കോട് റീജിയണൽ ജോയിന്റ് ഡയറക്ടർക്ക് കൗൺസിലർമാരായ രഞജിത്, മോഹൻബാബു എന്നിവർ നൽകിയത്.
മാസങ്ങൾക്ക് മുമ്പ് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പിന്തുണയോടെ നേടിയ വിജയത്തിന്റെ പിൻബലത്തിലാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് സ്ഥിരസമിതി അദ്ധ്യക്ഷർക്കെതിരെ കൊണ്ടുവന്ന അവിശ്വാസമാണ് സി.പി.എമ്മിന്റെ പിന്തുണയോടെ യു.ഡി.എഫ് അന്ന് പാസാക്കിയെടുത്തത്. തുടർന്ന് നടന്ന സ്ഥിരസമിതി തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും യു.ഡി.എഫിനും രണ്ടുവീതം അദ്ധ്യക്ഷരെ ലഭിച്ചു. വോട്ടുനില തുല്യമായതിനെ തുടർന്ന് ആരോഗ്യകാര്യ സ്ഥിരസമിതിയിലെ അവിശ്വാസം തള്ളിപ്പോയി.
അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ അവിശ്വാസം നൽകാൻ വൈകിയത് നോട്ടീസിൽ ഒപ്പിടാനുള്ള മൂന്നിലൊന്ന് അംഗസംഖ്യ ഇല്ലാത്തതിനാലായിരുന്നു. 52 അംഗ കൗൺസിലിൽ 18 പേരുടെ പിന്തുണയാണ് വേണ്ടത്. 18 അംഗങ്ങളുണ്ടെങ്കിലും യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രാംഗത്തിന് വോട്ടവകാശമില്ല. തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാലാണിത്. ഇതുമറികടക്കാനാണ് യു.ഡി.എഫ് വെൽഫെയർ പാർട്ടിയുടെ പിന്തുണ തേടിയത്. 52 അംഗ കൗൺസിലിൽ ബി.ജെ.പി 24, യു.ഡി.എഫ് 18, എൽ.ഡി.എഫ് 9, വെൽഫെയർ പാർട്ടി ഒന്ന് എന്നതാണ് കക്ഷിനില.
സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞടുപ്പുകളിൽ പിന്തുണച്ച ഇടതുപക്ഷം ഇപ്രാവശ്യവും യു.ഡി.എഫിനൊപ്പം നിൽക്കുമെന്നാണ് സൂചന. സി.പി.എമ്മിലെ ഒമ്പത് അംഗങ്ങളും വെൽഫെയർ പാർട്ടിയിലെ ഒരംഗവും അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ 24 അംഗങ്ങളുള്ള ബി.ജെ.പിയെ 28 അംഗങ്ങളുടെ ബലത്തിൽ ഭരണത്തിൽ നിന്ന് താഴെയിറക്കാം.
അതേ സമയം, ശുചീകരണ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൗൺസിൽ യോഗങ്ങൾ ബഹളമയമായതോടെ അഞ്ച് യു.ഡി.എഫ് അംഗങ്ങളെ ചെയർപേഴ്സൺ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ ഈ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ലെന്നാണ് ബി.ജെ.പി വാദം. എന്നാൽ, ഇതിന് യാതൊരു നിയമ സാധുതയില്ലെന്നും ചർച്ചയിൽ പങ്കെടുക്കാൻ തടസമില്ലെന്നും യു.ഡി.എഫും പറയുന്നു. വരും ദിവസങ്ങളിൽ പാലക്കാട്ടെ രാഷ്ട്രീയം ചടുല നീക്കങ്ങൾക്ക് വേദിയാകുമെന്ന് ഇതോടെ ഉറപ്പായി.