നെന്മാറ: കോൺഗ്രസ് വല്ലങ്ങി മണ്ഡലം പ്രസിഡന്റ് എൻ.സോമനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നെന്മാറ പഞ്ചായത്തിൽ കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ ഗതാഗതം പൂർണമായും നിലച്ചു. വാക്കാവിൽ സി.പി.എം - കോൺഗ്രസ് സംഘർഷത്തെ തുടർന്നാണ് വല്ലങ്ങി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.സോമന് വെട്ടേറ്റത്. പരിക്കേറ്റ ഇയാൾ ജില്ലാ സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നെന്മാറയിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.