വടക്കഞ്ചേരി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം വടക്കഞ്ചേരി, നെന്മാറ, ആലത്തൂർ മേഖലകളിൽ സജീവം. പണയം വെക്കുന്നതിനു വേണ്ടി പ്രത്യേകം നിർമ്മിച്ച ആഭരണങ്ങളാണ് ഇവരുടെ കൈവശം ഉള്ളത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്. കേസിനു പോയാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കാരണം കേസ് കൊടുക്കാൻ ഇത്തരം ഇടപാട് സ്ഥാപനങ്ങൾ മടിക്കുന്നത് തട്ടിപ്പ് സംഘങ്ങൾക്ക് സ്വൈരവിഹാരത്തിന് അവസരമൊരുക്കുന്നു.

ചെറുപ്പക്കാരാണ് സംഘത്തിന് നേതൃത്വം നൽകുന്നതെങ്കിലും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന വലിയ കണ്ണികളാണ് ഇവർക്കുള്ളത്. പണയം വയ്ക്കാൻ സ്ഥാപനത്തിൽ എത്തുന്നത് വൃദ്ധരായിരിക്കും. ഒരു സ്ഥലത്ത് 45 പവനിൽ കൂടുതൽ വെക്കില്ല. വീട്ടിലെ അത്യാവശ്യവും ആശുപത്രി കേസുകളുമാണ് ഇവർ പറയുക. പണയം വെച്ച് പണം വാങ്ങി മുങ്ങുന്ന ഇവരെ കണ്ടുകിട്ടില്ല.

ഉരച്ചു നോക്കിയാൽ കണ്ടെത്താൻ കഴിയാത്തത്ര കനത്തിൽ സ്വർണം പൂശിയ മുക്കുപണ്ടം പ്രത്യേകം നിർമ്മിച്ചാണ് ഇവർ തട്ടിപ്പിന് ഇറങ്ങുന്നത്. ഇവരുടെ ആഭരണങ്ങളിൽ 40 ശതമാനത്തിൽ കൂടുതൽ സ്വർണമുണ്ട്. ഗ്രാമിന് 2000 രൂപ വരെ പണയമായി കിട്ടുമ്പോൾ 1000 രൂപ വരെ ലാഭം സംഘത്തിന് കിട്ടുന്നു.

വടക്കഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന പണയ തട്ടിപ്പിൽ 70 കഴിഞ്ഞ വൃദ്ധയും പേരക്കുട്ടിയുമാണ് എത്തിയത്. നാല് വളകൾ പണയം വെച്ച് പണവുമായി ഇവർ പോയതിന് ശേഷമാണ് സംശയം തോന്നിയത്. പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും വിലാസവും വ്യാജമായതിനാൽ ഇവരെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. 40,000 രൂപ നഷ്ടപ്പെട്ടിട്ടും സ്ഥാപനം പൊലീസിൽ പരാതി കൊടുക്കാത്തതിലും ദുരൂഹതയുണ്ട്.