പാലക്കാട്: നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരനും ഉപാദ്ധ്യക്ഷൻ സി.കൃഷ്ണകുമാറിനുമെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം നവംബർ അഞ്ചിന് ചർച്ചയ്‌ക്കെടുക്കും. നഗരസഭ ഹാളിൽ രാവിലെ ഒമ്പതിന് അദ്ധ്യക്ഷയ്ക്കെതിരായ അവിശ്വാസത്തിലും വൈകിട്ട് മൂന്നിന് ഉപാദ്ധ്യക്ഷനെതിരായ അവിശ്വാസത്തിലുമാണ് ചർച്ച.
യു.ഡി.എഫിന്റെ 17 അംഗങ്ങളും വെൽഫെയർ പാർട്ടി അംഗവും ഒപ്പിട്ടാണ് അവിശ്വാസ പ്രമേയം നൽകിയിരിക്കുന്നത്. 52 അംഗ കൗൺസിലിൽ ഭരണ കക്ഷിയായ ബി.ജെ.പിക്ക് 24 അംഗങ്ങളുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പി നഗരസഭ ഭരിക്കുന്നത്. നേരത്തെ യു.ഡി.എഫ് നൽകിയ അവിശ്വാസത്തിൽ ഒരെണ്ണം ഒഴികെയുള്ള സ്ഥിരസമിതികളെല്ലാം ബി.ജെ.പിക്ക് നഷ്ടമായിരുന്നു. അംഗബലം കുറവാണെങ്കിലും യു.ഡി.എഫിന്റെ വോട്ട് നേടി സി.പി.എം രണ്ട് സ്ഥിരസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു സ്ഥിരസമിതിയിൽ ലീഗും മറ്റൊന്നിൽ കോൺഗ്രസുമാണ് വിജയിച്ചത്.
ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ബദൽ നിർദേശങ്ങളൊന്നും ഉയർത്താതെയാണ് യു.ഡി.എഫിന്റെ അവിശ്വാസ നീക്കം. ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യു.ഡി.എഫും സി.പി.എമ്മും മത്സരത്തിനിറങ്ങിയാൽ സ്ഥിതി വീണ്ടും ബി.ജെ.പിക്ക് അനുകൂലമാവും. അത് ഒഴിവാക്കാൻ സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന നയം യു.ഡി.എഫ് പിന്തുടർന്നാൽ വെറും ഒമ്പത് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന് ചരിത്ര നേട്ടമാവും.
സ്ഥിരസമിതികളിൽ യു.ഡി.എഫ് പിന്തുണയിൽ വിജയിച്ച സ്ഥാനങ്ങളിൽ തുടരുന്നതിനാൽ നഗരസഭ ഭരണം കിട്ടുന്ന സാഹചര്യം സി.പി.എം കൈവിടാനിടയില്ലെന്നാണ് സൂചന.