കൊല്ലങ്കോട്: ചികിത്സ തേടി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാൽ കൈ നിറയെ രോഗവുമായി കുടുംബത്തിലേക്ക് പോകാം. വീടും പരിസരങ്ങളും ശുചിത്വം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുമ്പോഴും ഡോക്ടർമാരും ആരോഗ്യ രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരുമുള്ള കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കടന്നുപോകണമെങ്കിൽ മൂക്കുപൊത്തി വേണം നടക്കാൻ.

അകത്തുകയറിയാൽ നിറയെ കൊതുകിനും ഈച്ചയ്ക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുമ്പിൽ ദുർഗന്ധം പരത്തുന്നതും കെട്ടിക്കിടക്കുന്നതുമായ മലിനജലത്തിൽ കൊതുകിന്റെയും കൂത്താടിയുടെയും കേന്ദ്രമാണ്. ആരോഗ്യ കേന്ദ്രത്തിലും പരിസരത്തെയും ശുചിത്വമില്ലായ്മ കണ്ട് രോഗികൾ പല തവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടക്കുകയാണ്.

പ്രാഥമികാരോഗ്യ കേന്ദ്രത്തെ അടുത്ത കാലത്താണ് കൂടുതൽ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതെങ്കിലും നാളിതുവരെയായി ഔദ്യോഗികമായി ഉദ്ഘാടനം നടന്നിട്ടില്ല. രാവിലെ മുതൽ വൈകിട്ടുവരെ ഡോക്ടറുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകുമെന്നാണ് വാഗ്ദാനമെങ്കിലും ഉച്ചയ്ക്ക് ശേഷം ചികിത്സയില്ലാത്ത അവസ്ഥയാണ്. ഒ.പിയിൽ പ്രതിദിനം മുന്നൂറോളം രോഗികൾ എത്തുമെങ്കിലും ഇവർക്ക് പ്രാഥമിക സൗകര്യമൊന്നും ഇവിടെയില്ല. സർക്കാർ വക ആബുലൻസും ഒരു വർഷമായി ലഭ്യമല്ല.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നിലുള്ള ഓടയുടെ ശുചീകരണം നടത്താൻ അധികൃതർ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് രോഗികളും നാട്ടുകാരും.