മണ്ണാർക്കാട്: സർവർ തകരാർ മൂലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓഫീസ് രണ്ടുദിവസമായി നിശ്ചലാവസ്ഥയിൽ. രജിസ്‌ട്രേഷനും ലൈസൻസ് പുതുക്കലുമുൾപ്പെടെ നിരവധി കാര്യങ്ങൾ ഇതോടെ അനിശ്ചിതാവസ്ഥയിലായി.

രണ്ടു സർവറുണ്ടായിരുന്ന ഓഫീസിൽ ഒരെണ്ണം മാസങ്ങൾക്ക് മുമ്പ് തകരാറിലായിരുന്നു. ഇത് ഇതുവരെയും നേരെയാക്കിയില്ല. ഈ സാഹചര്യത്തിലാണ് നിലവിൽ ഉപയോഗിക്കുന്ന സർവറും തകരാറിലായത്. ഇതിനി എന്ന് ശരിയാകും എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരമില്ല. നിലവിൽ തന്നെ ആർ.ടി.ഒ ഓഫീസ് പ്രവർത്തനത്തിന് വേഗത കുറവാണെന്ന അഭിപ്രായം ശക്തമാണ്. പരിചയ സമ്പത്തില്ലാത്ത പുതിയ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിലുള്ള വേഗത കുറവാണ് ഇതിനുള്ള കാരണമെന്ന് ആരോപണം ശക്തമാണ്. അടുത്ത ദിവസം ചിറ്റൂരിൽ നിന്ന് സർവർ കൊണ്ടുവന്ന് പരിഹാരം കാണാനുളള നീക്കം നടത്തുമെന്ന് ജോയിന്റ് ആർ.ടി.ഒ അനിൽകുമാർ പറഞ്ഞു.

കേന്ദ്ര സർക്കാർ എല്ലാ ആർ.ടി.ഒ ഓഫീസുകളിലുമായി നടപ്പാക്കുന്ന വാഹൻ സാരഥി പദ്ധതിയുടെ പേര് പറഞ്ഞ് നിലവിൽ പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിന് നിയന്ത്രണമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പദ്ധതി പൂർണ്ണമായും നടപ്പായാൽ സർവർ തകരാർ പോലെയുള്ള പ്രശ്നമുണ്ടാകില്ല. പക്ഷേ പദ്ധതി നടപ്പാകാൻ മാസങ്ങളെടുക്കുമെന്നതിനാൽ അതുവരെ ഇത്തരം ബുദ്ധിമുട്ട് തുടർക്കഥയാകുമെന്നുറപ്പാണ്.