balan-and-sasi-pkd
സി.പി.ഐ വിട്ട് സി.പി.എമ്മിലേക്ക് വരുന്നവർക്ക് മണ്ണാർക്കാട് തച്ചമ്പാറയിൽ നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി എ.കെ.ബാലനും പി.കെ.ശശി എം.എൽ.എയും. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ തുടങ്ങിയവർ സമീപം.

വേദി പങ്കിടുന്നതിനെതിരെ മണ്ണാർക്കാട്ട് പോസ്റ്റർ

മണ്ണാർക്കാട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ സി.പി.എം ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെ ആരോപണ വിധേയനായ പി.കെ.ശശി എം.എൽ.എയും അന്വേഷണ കമ്മിഷൻ അംഗം മന്ത്രി എ.കെ.ബാലനും പാർട്ടി വേദിയിൽ ഒരുമിച്ചെത്തി. തച്ചമ്പാറയിൽ സി.പി.ഐ വിട്ട് സി.പി.എമ്മിലേക്ക് വന്നവർക്കുള്ള സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.

വിവാദമെല്ലാം പുല്ലാണെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

ശശി മുൻകൈ എടുത്താണ് മറ്റ് പാർട്ടികളിൽ നിന്നുള്ളവരെ സി.പി.എമ്മിലേക്ക് എത്തിക്കുന്നത്. അതിനാൽ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

എന്നാൽ, ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പും ശക്തമാണ്. ഇരുവരും വേദി പങ്കിടുന്നതിനെ ചൊല്ലി മണ്ണാർക്കാട്ടും തച്ചമ്പാറയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.