പാലക്കാട്: ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന റാലിയോടെ പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് മൂന്നിന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിക്ടോറിയ കോളേജ്, മൈതാനം ബൈപ്പാസ് കേന്ദ്രീകരിച്ച് നടക്കുന്ന റാലി കോട്ടമൈതാനത്ത് എത്തിച്ചേരും. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, എം.ബി.രാജേഷ് എം.പി, പി.കെ.ബിജു എം.പി, പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടകസമിതി ജനറൽ കൺവീനറുമായ എസ്.അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പി.കെ.എസ് ജില്ലാ പ്രസിഡന്റ് ടി.പി.കുഞ്ഞുണ്ണി, വി.പൊന്നുക്കുട്ടൻ എന്നിവർ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പൊതുചർച്ച നടന്നു. വിവിധ ജില്ലകളിൽ നിന്നായി 650തോളം പ്രതിനിധികൾ പങ്കെടുത്തു. വൈകിട്ട് നടന്ന സെമിനാർ എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. വെങ്കിടേഷ് രാമകൃഷ്ണൻ, ആദവൻ ദീക്ഷണ്യ, എസ്.അജയ് കുമാർ പങ്കെടുത്തു. തുടർന്ന് ജനാർദ്ദൻ പുതുശേരിയുടെ നാടൻപാട്ട് അവതരണം നടന്നു.