ശ്രീകൃഷ്ണപുരം: പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ ഇടപെടലിന് സമാരംഭമായി ഒപ്പത്തിനൊപ്പം എന്ന പേരിൽ പുതിയ പദ്ധതിയുമായി പഞ്ചായത്ത് പുതിയ കാൽവയ്പ്പ് നടത്തുന്നു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പല കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി അവരെ മറ്റുള്ളവരോടൊപ്പം എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്കായുള്ള കൗൺസലിങ്ങ് ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ അവരെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചു ഇനി പരിശീലന പരിപാടികളാണ് രണ്ടാംഘട്ടം. അദ്ധ്യാപകർ, മനശാസ്ത്രജ്ഞർ എന്നിവർ അതിനു നേതൃത്വം നൽകും.
പ്രൈമറി വിദ്യാലയങ്ങളിൽ കൗൺസലിംഗ് പൂർത്തീകരിച്ചപ്പോൾ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കായി ഒരു രൂപ പോലും പ്രതിഫലം പറ്റാതെ വിദ്യാഭ്യാസ പ്രവർത്തകരും കുടുംബശ്രീ നേതൃത്വത്തിലുള്ള കൗൺസിലർമാരും, സൈക്കോളജിസ്റ്റുകളും ചേർന്ന് ഏറ്റെടുക്കുന്നു എന്നതാണ് പ്രധാന സവിശേഷത. പദ്ധതിയുടെ ഉദ്ഘാടനം 31ന് രാവിലെ പത്തിന് സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ നിർവ്വഹിക്കും.