പാലക്കാട്: ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം കാര്യക്ഷമമാക്കി ന്യായ വില ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. നെല്ല് പരിശോധനാ ഉദ്യോഗസ്ഥരുടെ അപര്യാപ്തത സർക്കാർ തലത്തിൽ റിപ്പോർട്ട് ചെയ്യും. നിലവിൽ 30 ശതമാനമാണ് നെല്ല് സംഭരണം പൂർത്തീകരിച്ചത്. പ്രളയത്തിൽ കൃഷിനാശം നേരിട്ട കർഷകരുടെ വിളകൾക്ക് അർഹമായ വില നൽകാൻ നടപടി സ്വീകരിക്കണം.
കോടന്നൂരിൽ കർഷകരുടെ വിള നശിച്ചത് സംബന്ധിച്ച് സർക്കാർ തലത്തിൽ റിപ്പോർട്ട് ചെയ്യും. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത വികസന നിർമ്മാണ പ്രവൃത്തി വിലയിരുത്തണം. രണ്ടാം വിളയ്ക്ക് ജലം ഉറപ്പാക്കുന്നതിന് ജലസേചന വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ കനാലുകളുടെ പ്രവൃത്തികൾ കാര്യക്ഷമമാക്കണം. പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരണം. റോഡ് വികസനത്തിന്റെ ഭാഗമായി അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദേശം ഉടൻ നടപ്പാക്കണം.
എലപ്പുള്ളി, കോങ്ങാട് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ രാത്രികാല കിടത്തി ചികിത്സ സംബന്ധിച്ചും പറമ്പിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ ഡി.എം.ഒയ്ക്ക് നിർദേശം നൽകി. ആദിവാസി മേഖലയിലെ ആശുപത്രികളിലെ സൗകര്യം വിലയിരുത്താൻ ജില്ലാ പട്ടികവർഗ ഓഫീസർക്കും നിർദേശം നൽകി.
നവകേരള മിഷന്റെ ഭാഗമായ നാല് പദ്ധതികളുടെ പ്രവർത്തനങ്ങളുടെയും വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും അവലോകനം നടത്തി. പദ്ധതി പ്രവർത്തനം കാര്യക്ഷമമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ പി.കെ ബിജു എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, മുഹമ്മദ് മുഹ്സിൻ, കെ.വി.വിജയദാസ്, സബ് കലക്ടർ ജെറോമിക് ജോർജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, മന്ത്രി എ.കെ ബാലന്റെ പ്രതിനിധി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കടുത്തു.
സൗജന്യ പരിശീലനം
പാലക്കാട്: മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ 31ന് കാട വളർത്തൽ പരിശീലനം നൽകും. താല്പര്യമുളളവർ 04912815454, 8281777080 എന്നീ നമ്പറുകളിലോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.
കൂടിക്കാഴ്ച നാളെ
പാലക്കാട്: കോഴിപ്പാറ ജി.എച്ച്.എസ്.എസ് പ്ളസ് ടു വിഭാഗം ഹിസ്റ്ററി, ഹിന്ദി, എക്കണോമിക്സ്, കണക്ക് താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ പത്തിന്.
യോഗം ഇന്ന്
പാലക്കാട്: ക്ഷേത്ര പ്രവേശന വിളംബരം വാർഷികാഘോഷം സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായുളള യോഗം ഇന്ന് രാവിലെ പത്തിന് ജില്ലാ കലക്ടറുടെ ചേംബറിൽ.