പാലക്കാട്: റോഡോരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും ബോർഡുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയിട്ടും നഗരത്തിലെ പല ഭാഗത്തും രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾക്ക് മാത്രം അനക്കമില്ല. ഈ മാസം 30ന് ശേഷം അനധികൃത ബോർഡുകൾ അവശേഷിച്ചാൽ സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
നഗരത്തിലെ പല ഭാഗത്തും ടാക്സ് അടച്ച് സ്ഥാപിച്ചിട്ടുള്ളതും അല്ലാത്തവയുമായ നിരവധി ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ മാത്രമാണ് നഗരസഭ നീക്കം ചെയ്യുന്നതെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു. ഇത്തരം ബോർഡുകൾ നീക്കം ചെയ്യുന്നതിന് അടുത്തുതന്നെ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ ഉണ്ടെങ്കിലും അതുമാത്രം നീക്കുന്നില്ല.
കോടതി ഉത്തരവ് എല്ലാവർക്കും ബാധകമാകുമ്പോൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ വിവേചനം കാണിക്കുന്നെന്ന പരാതി ശക്തമാണ്.
നിലവിൽ പൊതുപരിപാടികൾ നടത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളാണ് മാറ്റാത്തത്. പരിപാടി കഴിയുന്നതിന് മുമ്പേ നീക്കം ചെയ്യുന്നത് സംഘർഷത്തിന് വഴി വച്ചേക്കും. പരിപാടികൾ കഴിഞ്ഞാൽ ഉടൻ എല്ലാ പാർട്ടിക്കാരുടെയും പരസ്യ ബോർഡുകളും നീക്കം ചെയ്യും.
-പ്രമീള ശശിധരൻ, നഗരസഭാദ്ധ്യക്ഷ
പാലക്കാട് സുൽത്താൻ പേട്ടയിൽ പൊതുസ്ഥലങ്ങളിലെ ബോർഡുകളും ഫ്ളക്സുകളും നീക്കം ചെയ്യുന്നു