വടക്കഞ്ചേരി: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർ സംസ്ഥാന പാതയ്ക്ക് ഇനിയം ശാപമോക്ഷമില്ല. മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയാണ് ശരിയായ അറ്റകുറ്റപ്പണി നടത്താത്തത് മൂലം തകർന്ന് തരിപ്പണമായത്. തൃശൂരിൽ നിന്ന് പൊള്ളാച്ചിലേക്കുള്ള പ്രധാന പാതയായിട്ടും ശോചനീയവാസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഈ പാതയിലൂടെ പ്രതിദിനം 70 ബസുകൾ രാപ്പകൽ സർവീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങളും പഴനി, മധുര, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും കൊടൈക്കനാൽ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിച്ചേരാൻ കഴിയുന്ന പ്രധാന പാതയാണിത്.
മംഗലം പാലത്തിന് സമീപം, മുടപ്പല്ലൂർ, പന്തപ്പറമ്പ്, പള്ളിക്കാട്, കല്ലത്താണി, കാത്താപൊറ്റ, നീലിച്ചിറ, കടമ്പിടി, നെന്മാറ ഫോറസറ്റ് ഓഫീസ്, നെന്മാറ ടൗൺ, വല്ലങ്ങി, വിത്തനശ്ശേരി, തുടങ്ങിയ ഭാഗങ്ങളിലാണ് പാത പൂർണ്ണമായും തകർന്ന് കിടക്കുന്നത്. ഈ ഭാഗത്ത് പാത തകർന്ന് ഒന്നരയടി താഴ്ചയുള്ള കുഴികൾ വരെ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ പെയ്താൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം ചിറ്റില്ലഞ്ചേരിക്ക് സമീപം കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മതിലിലിൽ ഇടിച്ച് തകർന്നിരുന്നു. കൂടുതലും അപകടത്തിൽ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. അപകടങ്ങൾ പതിവായിട്ടും അറ്റുകറ്റപ്പണി നടത്തുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ രൂപപ്പെട്ട കുഴികൾ