കൊല്ലങ്കോട്: വെള്ളാരംകടവ് കാട്ടുപതി കോളനിയിൽ കഴിഞ്ഞ പത്തിന് 18 ആടുകൾ ദുരൂഹ സാഹചര്യത്തിൽ ചത്തൊടുങ്ങിയ സംഭവം മാരകമായ കീടനാശിനി അകത്തുചെന്നാണെന്ന് മൃഗ സംരക്ഷണ വകുപ്പ്. കാട്ടുപതി ആദിവാസി കോളനിയിലെ ശരവണന്റെ പത്ത്, കുമാരന്റെ മൂന്ന്, വെള്ളയന്റെ അഞ്ച് ആടുകളാണ് ചത്തത്.
ചുള്ളിയാർ ഡാമിലും പരിസര പ്രദേശങ്ങളിലും മാന്തോപ്പുകളിലും മേച്ചിൽപുറങ്ങളിലും തീറ്റ തേടി തിരിച്ചെത്തിച്ച ആടുകളാണ് ചത്തത്. ചില ആടുകൾക്ക് വായിൽ നിന്ന് വെളുത്ത ദ്രവം വന്നിരുന്നു. മൃഗ സംരക്ഷണ വകുപ്പ് ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.സുമയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടുപതി കോളനിയിലെത്തി മൂന്ന് ആടുകളെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം അകത്തുചെന്നാണ് ആടുകൾ ചത്തതെന്ന് പ്രാഥമിക പരിശോധനയിൽ അറിഞ്ഞത്.
എന്നാൽ പരിശോധന ഫലം പുറത്ത് വന്നതോടെയാണ് മാരക കീടനാശിനിയാണ് ചത്തൊടുങ്ങാൻ കാരണമെന്ന് അറിയുന്നത്. മേഖലയിൽ ഒരിടവേളയ്ക്ക് ശേഷം കീടനാശിനി പ്രയോഗം വീണ്ടും ശക്തമാകുകയാണ്.