pinarayi-vijayan

പാലക്കാട്: സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടാൻ മടിക്കില്ലെന്ന ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസംഗത്തിന് രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ വാക്കുകേട്ട് സംഘപരിവാർ സംഘടനകൾ ആവേശം കയറി സംസ്ഥാനത്തിറങ്ങി കളിക്കാൻ നോക്കിയാൽ, അതു മോശം കളിയായിപ്പോകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ ശരീരം കണ്ടാൽ വെള്ളം കൂടുതലുള്ള തടിയാണെന്ന് തോന്നും. ഈ സർക്കാരിനെ മറിച്ചിടാനുള്ള തടിയൊന്നും ആ ദേഹത്ത് ഉണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല. ഇതു ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും നാടാണ്. നിങ്ങൾക്ക് ഇഷ്ടംപോലെ എടുത്തു കളയാവുന്ന സാധനമല്ല കേരളത്തിലെ സർക്കാർ. വിവേകം പാലിക്കണം.ഈ നാടിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട. നിങ്ങളുടെ ചൊല്പടിക്ക് നിൽക്കുന്ന ആളുകളുടെ നേരെ അതു നോക്കണം. അനുചരൻമാർ അറിയാനാണ് ഇതു പറയുന്നത്.

കേരളത്തിൽ വേരുറപ്പിക്കാൻ ബി.ജെ.പി കുറേ കാലമായി ശ്രമം നടത്തുന്നു. പക്ഷേ, എന്താണ് സംഭവിക്കുന്നതെന്ന് ഓർത്താൽ നന്നായിരിക്കും. അമിത് ഷായുടെ ഭീഷണി ഇവിടെ വേണ്ട. അതു ഗുജറാത്തിൽ മതി.
എൽ.ഡി.എഫ് സർക്കാർ ശബരിമല വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് എല്ലാ സൗകര്യവും ചെയ്യും.

ശബരിമല വിഷയത്തിൽ അക്രമം നടത്തിയത് സംഘപരിവാർ ക്രിമിനലുകളാണ്. ഇവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. ഹൈക്കോടതി വിധി പുനഃസ്ഥാപിക്കണമെന്ന് ഇനി സുപ്രീം കോടതി പറഞ്ഞാൽ സർക്കാർ അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷനായി. മന്ത്രി എ.കെ ബാലൻ, എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, പി.കെ.ശശി എം.എൽ എ, സമിതി ജനറൽ സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് എം.പി, ട്രഷറർ വണ്ടിത്തടം മധു, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.