കൊല്ലങ്കോട്: വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി മുതലമടയിലെ മാന്തോപ്പുകളിൽ നിരോധിത കീടനാശിനി പ്രയോഗം വ്യാപകം. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കീടനാശികൾ എത്തുന്നത്. നിരോധിച്ച കീടനാശികളുടെ പേരുമാറ്റിയും ഒഴിഞ്ഞ കന്നാസുകളിലാക്കി പുതിയ പേരികളിലുമാണ് ഇവ അതിർത്തികടന്നെത്തുന്നത്. സംസ്ഥാനാതിർത്തിയിൽ ഇത്തരം കീടനാശിനികൾ വില്ക്കുന്ന കടകളും വ്യാപകമാണ്.

500 മുതൽ 3000 ലിറ്റർ വരെ സംഭരണ ശേഷിയുള്ള ടാങ്കുകളിൽ രഹസ്യ സ്ഥലങ്ങളിലെത്തിച്ച് വെള്ളത്തിൽ കലർത്തിയ ശേഷമാണ് മാന്തോപ്പുകളിൽ ചെറിയ മോട്ടോറിന്റെ സഹായത്തിൽ ഇവ തളിക്കുന്നത്. മാന്തോപ്പുകളിൽ തളിക്കുന്ന കീടനാശികൾ പ്രദേശത്തെ കൃഷിഓഫീസർ പരിശോധന നടത്തിയ സർട്ടിഫൈ ചെയ്യണമെന്നാണ് നിയമം. പക്ഷേ, ഇതൊന്നും മുതലമടയിൽ പാലിക്കപ്പെടാറില്ല. നിയമങ്ങൾ മറികടന്നുള്ള ഇത്തരം കീടനാശിനി പ്രയോഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നതാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.

ഈ മാസം പത്തിന് മുതലമടയിലെ ആദിവാസി കോളനിയിൽ 18 ആടുകൾ കൂട്ടത്തോടെ ചത്തിരുന്നു. കീടനാശിനി അകത്തുചെന്നതിനെ തുടർന്നാണ് ആടുകൾ ചത്തതെന്ന് പ്രഥമികപരിശോധന നടത്തിയ മൃഗസംരക്ഷണ വകുപ്പ് അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അത് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞവർഷം എലവഞ്ചേരിയിൽ വനംമേഖലയിൽ ഫ്യൂരിഡാൻ കലർത്തിയ കീടാനാശിനി കഴിച്ച് നിരവധി മൈലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. തുടർന്നാണ് കൊല്ലങ്കോട് വനംവന്യജീവി വകുപ്പ് ഇത്തരം മാരകവിഷം കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.