വടക്കഞ്ചേരി: മംഗലം, പോത്തുണ്ടി ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം ഒഴുകിവരുന്ന പുഴയോരങ്ങളുടെ പത്തു മുതൽ 50 മീറ്റർവരെയുള്ള ഭാഗങ്ങളിൽ കൈയേറ്റം വ്യാപകം. പുഴയോരം കരിങ്കൽ കൊണ്ട് കെട്ടി ദീർഘകാല വിളകളാണ് കൈയേറ്റക്കാർ കൃഷി ചെയ്യുന്നതെന്ന് ജൈവ പരിപാലന കമ്മിറ്റി റിസോഴ്‌സ് പേഴ്‌സൺ അപ്പുണ്ണി നായർ പറഞ്ഞു.
ഇത്തരം പ്രവർത്തനം സജ്ജീവമായി നടക്കുമ്പോഴും അധികൃതർ മൗനംപാലിക്കുകയാണ്.
150 മീറ്റർ വരെ വീതിയുള്ള പുഴ പകുതിയിൽ താഴെ വീതിയായി ചുരുങ്ങിയതിനു പിന്നിൽ ഇത്തരം കൈയേറ്റമാണ്. വില്ലേജ്, പഞ്ചായത്ത്, ഇറിഗേഷൻ, കനാൽ വിഭാഗങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഭാരതപ്പുഴ സംരക്ഷണത്തിന്റെ പേരിൽ മൂന്നുവർഷം മുമ്പ് പുഴയിലെത്തുന്ന ചെറുപുഴകളെക്കുറിച്ചും ഉറവകളുടെ ഉത്ഭവങ്ങളെക്കുറിച്ചു പഠനം നടത്തി നിർദ്ദേശങ്ങൾ സമർപ്പിച്ചതല്ലാതെ നടപടികൾ ഉണ്ടായില്ല. ശേഖരിച്ച വിവരങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ വഴിയും രേഖാമൂലവും ജില്ലാ, സംസ്ഥാന തലങ്ങളിൽ വിശകലനം ചെയ്ത് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് സമിതി അംഗങ്ങൾ പറഞ്ഞു.
ബയോ ഡൈവേഴ്‌സിറ്റി പ്രോജക്ട് ഫെല്ലോ ഗ്രീഷ്മ, വിദഗ്ദ്ധ സമിതി അംഗങ്ങളായ വി.രാമചന്ദ്രൻ, എൽ.അപ്പുക്കുട്ടൻ, കെ.എം.രാജു, ആർ.അഭിഷ, സെയ്താ ബാനു അഹമ്മദ്, കെ.പി.അശ്വതി എന്നിവരടങ്ങുന്ന സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
മംഗലം ഡാം പുഴ