krishi
വെറ്റില കൃഷി.

ചെർപ്പുളശ്ശേരി: തിരുവാഴിയോട് വെറ്റിലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ വെള്ളിനേഴി പഞ്ചായത്ത് സമർപ്പിച്ച പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. വെള്ളിനേഴിയുടെ കാർഷിക സംസ്‌കൃതിയുടെ പൈതൃകമായ തിരുവഴിയോടൻ വെറ്റിലയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാർ ഏറെയാണ്.

ഒരുകാലത്ത് തിരുവാഴിയോട്, കുറുവട്ടൂർ, വെള്ളിനേഴി, കല്ലുംപുറം പ്രദേശങ്ങളിലെ പ്രധാന കൃഷികളിൽ ഒന്നായിരുന്നു വെറ്റില. പെരുമാങ്ങോട് ചന്തയായിരുന്നു പ്രധാനവിപണി. ക്ഷേത്രങ്ങളിലെ ദേവ പ്രശ്‌നങ്ങൾക്ക് പോലും ഇവിടെ നിന്നായിരുന്നു വെറ്റില കൊണ്ടുപോയിരുന്നത്. വെറ്റില കൃഷിയിൽ നിന്നും കർഷകർ പിന്മാറാൻ തുടങ്ങിയതോടെ തിരുവാഴിയോടാൻ വെറ്റില കിട്ടാതായി. 200ലധികം വെറ്റില കർഷകർ ഉണ്ടായിരുന്ന വെള്ളിനേഴിയിൽ ഇപ്പോൾ അവശേഷിക്കുന്നത് 40പേർ മാത്രം. 25 ഏക്കർ സ്ഥലത്ത് വെറ്റില കൃഷി വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആവശ്യക്കാർ കുറഞ്ഞെങ്കിലും ലാഭം നൽകുന്ന കൃഷിയാണ് വെറ്റില കൃഷി. ഒരു മീറ്റർ ആഴത്തിൽ ചാൽ കീറി അതിൽ ചാണകവും ചാരവും മൂടി നാലുവർഷം മൂപ്പെത്തിയ നാല് മൂടുള്ള തണ്ടാണ് നടാൻ ഉപയോഗിക്കുക. വെറ്റില കൃഷി ചെയുന്ന നിലത്ത് എപ്പോഴു ഈർപ്പം നിലനിർത്തേണ്ടത് ആവശ്യമാണ്. വള്ളിനട്ട് മൂന്നുമുതൽ ആറ് മാസം കൊണ്ട് 150 മുതൽ 180 സെന്റിമീറ്റർ വരെ വളർച്ചയുണ്ടാകും. ഇതോടെ വള്ളികളിൽ ശിഖിരങ്ങൾ പൊട്ടിത്തുടങ്ങും. ഈ സമയത്ത് തന്നെ വിളവെടുപ്പ് തുടങ്ങാം.

പഞ്ചായത്തിന്റെ ഈ പരിശ്രമം കേവലം വെറ്റില കൃഷി പ്രോത്സാഹിപ്പിക്കുക മാത്രമല്ലെന്നും നഷ്ടപ്പെട്ട ഒരു കാർഷിക സംസ്‌കൃതിയുടെ തിരിച്ചു കൊണ്ടുവരലാണെന്നും വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ പറഞ്ഞു. എത്ര കർഷകർ കൃഷി ചെയ്യാൻ സന്നദ്ധരാകുമെന്ന് പരിശോധിച്ച ശേഷം ആവശ്യമായ ഫണ്ട് വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.