പാലക്കാട്: പീഡനാരോപണം നേരിടുന്ന പി.കെ.ശശി എം.എൽ.എയുടെ അനുകൂലികൾ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 51 അംഗ കമ്മിറ്റിയിൽ 23 പേരും പുതുമുഖങ്ങളാണ്. അഡ്വ. കെ.പ്രേംകുമാർ സെക്രട്ടറിയായും ടി.എം.ശശി പ്രസിഡന്റായും എം.രാജേഷ് ആലത്തൂർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, പി.കെ.ശശി എം.എൽ.എക്കെതിരായ പീഡന പരാതി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത് വിലക്കിയ സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്റെ നടപടിയും വിമർശനത്തിന് ഇടയാക്കി. മുണ്ടൂർ, പുതുശ്ശേരി ബ്ലോക്ക് കമ്മിറ്റികളാണ് വിമർശനം ഉന്നയിച്ചത്. പാർട്ടിയിലെ വനിതാ അംഗങ്ങൾക്ക് എന്ത് സുരക്ഷയാണ് ഡി വൈ എഫ് ഐ സമ്മേളനപ്രതിനിധി ചോദിച്ചു. പുതുശ്ശേരിയിലെ വനിതാ പ്രതിനിധിയാണ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്. സമ്മേളനത്തിൽ എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സമിതിയല്ല. ഇതാണ് നയമെങ്കിൽ സമ്മേളനത്തിന്റെ അജണ്ടയും സംസ്ഥാന സമിതി തീരുമാനിച്ചാൽ മതിയെന്ന് സമ്മേളന പ്രതിനിധികൾ പറഞ്ഞു. എന്നാൽ, സമ്മേളനത്തെ അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഇതിന് സ്വരാജിന്റെ മറുപടി.