പാലക്കാട്: കല്ലേക്കുളങ്ങര കൈപ്പത്തിക്ഷേത്ര പരിസരത്തുനിന്ന് കോട്ടമൈതാനത്തേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന മതേതര സന്ദേശ യാത്ര ഇന്ന്. വൈകീട്ട് നാലിന് ആരംഭിക്കുന്ന പദയാത്ര കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ എം.പി നയിക്കും. ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളെയും പ്രതിനിധീകരിച്ച് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പദയാത്രയിൽ അണിനിരക്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അറിയിച്ചു.
1982ൽ ഡിസംബർ 13ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കല്ലേക്കുളങ്ങര ഏമൂർ കൈപ്പത്തി ക്ഷേത്രം സന്ദർശിച്ചതിന്റെ സ്മരണകൾ ഉണർത്തിയാണ് പദയാത്ര നടത്തുന്നത്. വൈകീട്ട് ആറിന് പാലക്കാട് കോട്ടമൈതാനത്ത് ചേരുന്ന പൊതുസമ്മേളനത്തിൽ മുല്ലപള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രചാരണസമിതി ചെയർമാൻ കെ.മുരളീധരൻ എം.എൽ.എ, മുസ്ലീംലീഗ് നേതാവ് കെ.എൻ.എ.ഖാദർ എം.എൽ.എ, മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ, കെ.പി.സി.സി.നേതാക്കൾ, തുടങ്ങിയവർ പ്രസംഗിക്കും. കല്ലേക്കുളങ്ങരയിൽ നിന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന പദയാത്ര അകേത്തത്തറ, സായി ജംഗ്ഷൻ, ശേഖരീപുരം , അയ്യപുരം, വിക്‌ടോറിയ കോളേജ്, സുൽത്താൻ പേട്ട, അഞ്ചുവിളക്ക് വഴി കോട്ടമൈതാനത്ത് എത്തിച്ചേരും.
ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നും വാഹനങ്ങളിൽ വരുന്ന പ്രവർത്തകർ യാതൊരുതരത്തിലുള്ള ഗതാഗത തടസവും സൃഷ്ടിക്കരുതെന്ന് ഡി.സി.സി നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ സായി ജംംഗ്ഷൻ, അകേത്തത്തറ റയിൽവേ ഗേറ്റ് വഴി വന്ന് കല്ലേക്കുളങ്ങര ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കി നേരെ മന്തക്കാട്, നൂറടി റോഡ് വഴി കോട്ടമൈതാനത്ത് തിരികെ എത്തണമെന്നാണ് നിർദ്ദേശം.