അഗളി: മണ്ണാർക്കാട് എക്‌സൈസ് സി.ഐയും സംഘവും വനംവകുപ്പുമായി ചേർന്ന് നടത്തിയ റെയ്ഡിൽ അട്ടപ്പാടി പാടവയൽ വില്ലേജിൽ ഗൊട്ടിയാർകണ്ടി ഊരിനപ്പുറമുള്ള സർക്കാർ വനമേഖലയിൽ കഞ്ചാവ് കൃഷിയിടം കണ്ടെത്തി. വിളവെടുപ്പിന് പാകമായ 110 കഞ്ചാവ് ചെടികളും പൂർണ വളർച്ച എത്താത്ത 152 കഞ്ചാവ് ചെടികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. പ്രതികളാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മേഖലയിൽ കഞ്ചാവ് കൃഷി തിരിച്ചുവരുന്നതായാണ് കാണുന്നത്. ഇതിനെതിരെ എക്‌സൈസ്, പൊലീസ്, വനം വകുപ്പുകളുടെ കൂട്ടായ നടപടികൾ ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു. മണ്ണാർക്കാട് എക്‌സൈസ് സി.ഐ കെ.ജയപാലനൊപ്പം പി.ഒ എൻ.പ്രേമാനന്ദകുമർ, സി.ഇ.ഒമാർ എം.രങ്കൻ, കെ.എസ്. സുരേഷ് കുമാർ, ഡ്രൈവർ കെ.ജെ.ലൂക്കോസ്, വനം വകുപ്പ് വാച്ചർ മല്ലീശ്വരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.