ചിറ്റൂർ: നഗരസഭ പ്രദേശങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെ അപാകതയെ ചൊല്ലി നഗരസഭാ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. പ്രതിപക്ഷത്തിന്രെ പ്രതിഷേധം ശക്തമായതോടെ കരാർ കമ്പനിക്ക് ക്രമക്കേടിന്റെ പേരിൽ നോട്ടീസ് നൽകാൻ ഭരണ സമിതി തീരുമാനിച്ചു.

പത്തുമാസം മുമ്പ് നൽകിയ കരാറിൽ 222 സോളാർ ലൈറ്റുകൾ സ്ഥാപിക്കാനായിരുന്ന ധാരണ. എന്നാൽ 135 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. മൂന്നു വർഷം ഇതിന്റെ അറ്റകുറ്റപണി നടത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും കരാർ ഉപേക്ഷിക്കാൻ തയാറായ കമ്പനിയെ കൊണ്ട് എങ്ങനെ അറ്റകുറ്റപണി ചെയ്യിക്കാനാവുമെന്ന് പ്രതിപക്ഷം ചോദിച്ചു.
സ്ഥാപിച്ച 135 ലൈറ്റുകൾ അനാർട്ട് പരിശോധന നടത്തുന്നന്നതിന് മുമ്പ് തന്നെ 90 ശതമാനം തുകയും കൈമാറിയത് അഴിമതിയാണെന്നും വാർഡുകളിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ പലതും കത്തുന്നില്ലെന്നും ഇതിൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്നും വിമർശനമുയർന്നു. നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തിവച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

ഭരണപക്ഷത്തെ ചില അംഗങ്ങൾ വിഷയത്തെ എതിർക്കാത്തതും ശ്രദ്ധേയമായി. ഇതോടെ നവംബർ ഏഴിനകം കമ്പനി പ്രതിനിധികളുമായി സംസാരിച്ച് നടപടി എടുക്കുമെന്ന് ചെയർമാൻ ഉറപ്പുനൽകി. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്ന് പ്രതിപക്ഷവും അറിയിച്ചു.
നഗരസഭയിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിളമ്പുന്നതായി പരാതിയുയർന്നിട്ടും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യം കനാലിലേക്ക് ഒഴുക്കിവിടുന്നത് കടുത്ത ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അണിക്കോടിലുള്ള മൃഗാശുപത്രിയിൽ വൈദ്യുതി എത്തിയില്ലെന്നും രാത്രികാല സ്ക്വാഡ് രൂപീകരിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. നഗരസഭാ ഉപാദ്ധ്യക്ഷ കെ.എ.ഷീബയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ശിവകുമാർ, എം.സ്വാമിനാഥൻ, മുകേഷ്, മണികണ്ഠൻ, രാജ, അനിൽകുമാർ, പ്രിയ, കവിത, പുഷ്പലത, സുനിത, ശശിധരൻ, കെ.സി.പ്രീത്, കെ.ജി.ശേഖരനുണ്ണി എന്നിവർ സംസാരിച്ചു.