road
പി.ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ മംഗലാംകുന്നത്ത് നിന്ന് ആരംഭിച്ച റോഡ് പ്രവർത്തനത്തിന്റെ പുരോഗതി അധികൃതർ വിലയിരുത്തുന്നു.

ശ്രീകൃഷ്ണപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മുണ്ടൂർ- ചെർപ്പുളശേരി സംസ്ഥാന പാതയിൽ കോങ്ങാട് മുതൽ മംഗലാംകുന്ന് വരെ ബി.എം ആന്റ് ബി.സി നവീകരണത്തിന് തുടക്കമായി. 15 കോടി രൂപ ചെലവിൽ 13 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. പൊതുവേ തകർന്ന് വർഷങ്ങളായി യാത്ര ദുഷ്കരമായ റോഡ് പ്രളയക്കെടുതിയിൽ പൂർണ്ണ തകർന്നു.

റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ റോഡിലൂടെ ബസ് സർവീസ് നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് ഉടമകളും ജീവനക്കാരും സൂചനാ പണിമുടക്ക് ഉൾപ്പടെ സമരം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ടാറിംഗ് ആരംഭിച്ചത്.

റോഡ് ഏഴു മീറ്റർ വീതിയിലാണ് ടാറിംഗ് ചെയ്യുന്നത്. കടമ്പഴിപ്പുറം ടൗണിൽ പത്തു മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. കൂടാതെ ആശുപത്രിയുടെ മുൻവശം റോഡ് പൂർണമായും പുതുക്കി ടാറിംഗ് നടത്തും. മംഗലാംകുന്ന് ഭാഗത്ത് നിന്നാണ് ടാറിംഗ് ആരംഭിച്ചത്. പി.ഉണ്ണി എം.എൽ.എ, ബ്ളോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ എന്നിവർ നിർമ്മാണ പുരോഗതി വിലയിരുത്തി.

പി.ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് നവീകരണ പുരോഗതി വിലയിരുത്തുന്നു