ചിറ്റൂർ: ലോകബാങ്കിന്റെ സഹായത്തോടെ ചിറ്റൂർ - തത്തമംഗലം നഗരസഭ തത്തമംഗലത്ത് നിർമ്മിച്ച രാജീവ്ഗാന്ധി കൺവെൻഷൻ സെന്റർ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ലോകബങ്കിന്റെ രണ്ടുകോടി ഉൾപ്പെടെ മൂന്നു കോടി മുപ്പത്താറു ലക്ഷം ചെലവിലാണ് ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്.
1500 പേർക്ക് ഇരിക്കാവുന്ന സീറ്റിംഗ് കപ്പാസിറ്റി, എ.സി.കോൺഫറൻസ് ഹാൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, പാർക്കിംഗ് ഏരിയ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സ്മരണയ്ക്കായി പണി കഴിപ്പിച്ചിട്ടുള്ള സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. നഗരസഭ ചെയർമാൻ കെ.മധു അദ്ധ്യക്ഷത വഹിക്കും. ഓഡിറ്റോറിയത്തിന് അനുബന്ധമായി നിർമ്മിച്ചിട്ടുള്ള രാജീവ്ഗാന്ധി പ്രതിമയുടെ അനാച്ഛാദനം മുൻ എം.എൽ.എ കെ.അച്യുതൻ നിർവഹിക്കും. എം.എൽ.എ.മാരായ കെ.കൃഷ്ണൻകുട്ടി, കെ.ബാബുവും മുഖ്യാതിഥികളാകും.