k-raju

റാന്നി: കേന്ദ്ര സർക്കാരിന്റെ ഭരണം സാധാരണക്കാരന് വേണ്ടിയുള്ളതല്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു.മോദിയെ പുറത്താക്കൂ,രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന റാന്നി മണ്ഡലം കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനം മന്ദമരുതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശകുത്തകകളേയും വൻ കിടക്കാരേയും സഹായിക്കുവാനാണ് മോദി നാലരവർഷം എടുത്തത്.സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെടുത്ത് ഇൻഡ്യയിലെ ഓരോ വോട്ടർമാരുടേയും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് പറഞ്ഞത്.പെട്രോളിയം ഉദ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടു കൊടുത്തതിനെതിരെ സമരം ചെയ്തവർ അധികാരത്തിൽ വന്നപ്പോൾ ഡീസൽ വിലയുടെ വർദ്ധനവിന്റെ  കാര്യത്തിലും കമ്പനിയെ ഏൽപ്പിപിക്കുകയായിരുന്നു.ഉത്തരേന്ത്യയിൽ കർഷകരുടെ വൻ പ്രതിക്ഷേധമാണ് നടക്കുന്നത്. മതേതരത്തവും സോഷ്യലിസവും തകർത്ത് അവിടെ ഫാസിസം കൊണ്ടുവന്നതാണ് മോദിയുടെ മെച്ചം. ഫാസിസം വളർത്തുന്ന ഭരണഘടനയെ മാനിക്കാത്ത ഒരു പാർട്ടിയല്ല മതേതര ഇൻഡ്യ ഭരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ആൻസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം  എം.വി വിദ്യാധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ബേബിച്ചൻ വെച്ചൂച്ചിറ,ജാഥാ ക്യാപ്റ്റൻ  അഡ്വ.മനോജ് ചരളേൽ,വൈസ് ക്യാപ്റ്റൻ ടി.പി അനിൽകുമാർ,ഡയറക്ടർ കെ.സതീഷ്,ജില്ലാ കൗൺസിലംഗങ്ങളായ ടി.ജെ ബാബുരാജ്,അനീഷ് ചുങ്കപ്പാറ, എസ്.എസ് സുരേഷ്,വി.ടി ലാലച്ചൻ,ഷീജോ ഫിലിപ്പ് എന്നിവർ സംസാരിച്ചു.