chengannur-childrens-bloc

ചെങ്ങന്നൂർ: വൈദ്യുതി ലഭിക്കാത്തതു കാരണം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ മാതൃ  ശിശു സംരക്ഷണ കേന്ദ്രത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും പ്രവർത്തനം വൈകുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങന്നൂർ ഗവ: ആശുത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2013ലാണ് ആരംഭിച്ചത്.  നിർമാണം പൂർത്തിയാക്കിയ കെട്ടിടം  മാർച്ച് ഒന്നിന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ  ഉദ്ഘാടനം ചെയ്തതാണ്. എന്നാൽ ഇവിടേക്ക് വൈദ്യുതി ഇതേവരെ ലഭ്യമാക്കിയിട്ടില്ല. വൈദ്യുതിക്കായി ട്രാൻസ്‌ഫോമർ സ്ഥാപിക്കാനുള്ള നടപടി ഇഴഞ്ഞു നീങ്ങുന്നതേയുള്ളൂ. ഉദ്ഘാടനം നടത്തി ഏഴ് മാസം പിന്നിട്ടെങ്കിലും ജനറേറ്ററും യു.പി.എസും ഇല്ലാത്തതിനാൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഡയാലിസിസ് യൂണിറ്റും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഓഫിസിലേക്കും പൊതുമരാമത്ത് വകുപ്പിലേക്കും റിപ്പോർട്ട് നൽകിയതാണ്. എന്നാൽ നടപടിക്രമങ്ങൾ ഒന്നും ഇതുവരെ പൂർത്തിയായിട്ടില്ല. ഡയാലിസിസ് യൂണിറ്റിലേക്കു വേണ്ട ജനറേറ്ററും യു.പി.എസും നൽകേണ്ടത് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് തിടുക്കപ്പെട്ടാണ് ഉദ്ഘാടനം നടത്തിയത്. പിന്നീട് വിവാദമായതോടെ രണ്ട് മാസത്തിനകം പ്രശ്നങ്ങൾ പരിഹരിച്ച് മാതൃശിശു വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന ഉറപ്പും നടപ്പായില്ല. മാത്രമല്ല പുതിയ വിഭാഗത്തിലേക്ക് ഡോക്ടർമാർ ഉൾപ്പടെ 34 ജീവനക്കാർ വേണമെന്നിരിക്കെ ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടുമില്ല.

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം നടത്തിയിട്ടും തുറന്നുകൊടുക്കാൻ സാധിക്കാതെ കിടക്കുന്ന മാതൃ - ശിശു വിഭാഗം

ഒരാളെ പോലും നിയമിച്ചിട്ടില്ല

വേണ്ടത് 43 ജീവനക്കാർ

നിർമ്മാണം ആരംഭിച്ചത്  2013ൽ

ഡയാലിസിസ് യൂണിറ്റും പ്രവർത്തിക്കുന്നില്ല

ഉദ്ഘാടനം നടത്തി ഏഴ് മാസം പിന്നിട്ടെങ്കിലും ജനറേറ്ററും യു.പി.എസും ഇല്ലാത്തതിനാൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഡയാലിസിസ് യൂണിറ്റും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഓഫിസിലേക്കും പൊതുമരാമത്ത് വകുപ്പിലേക്കും റിപ്പോർട്ട് നൽകിയതാണ്. എന്നാൽ നടപടിക്രമങ്ങൾ ഒന്നും ഇതുവരെ പൂർത്തിയായിട്ടില്ല.