ശബരിമല: ശബരിമല മാളികപ്പുറം ക്ഷേത്രത്തിനു മുന്നിലെ പടിക്കെട്ടിനുമുന്നിൽ വെള്ളിയാഴ്ച രാത്രിയിൽ പന്നിയെ ആക്രമിച്ചു കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. രാത്രി പത്തുമണിയോടെ പട്ടിയും ആടും പന്നിയും ബഹളം കൂട്ടിയത് ശ്രദ്ധയിൽപ്പെട്ട് ഒാടി എത്തിയ ദേവസ്വം ഗാർഡാണ് പന്നിയെ പുലി ആക്രമിക്കുന്നത് കണ്ടത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞിരുന്നു. പരിക്കേറ്റ പന്നിയെ പിന്നീട് ഇൻസിനറേറ്റർ പരിസരത്തേക്ക് മാറ്റിയെങ്കിലും ഇന്നലെ ചത്തു.
പുലിയെ കണ്ടതോടെ സന്നിധാനത്തുള്ള ദേവസ്വം ജീവനക്കാർ പരിഭ്രാന്തിയിലാണ്. ഒരാഴ്ച മുൻപ് ചന്ദ്രാനന്ദൻ റോഡിൽ കൊന്നുതിന്ന നിലയിൽ മ്ളാവിന്റെ ശരീരം കണ്ടിരുന്നു.ദിവസങ്ങൾക്കുമുമ്പ് പത്രവുമായി സന്നിധാനത്തേക്ക് പോയ ആളും ചന്ദ്രാനന്ദൻ റോഡിലെ പാറമടയ്ക്ക് സമീപം പുലിയെ കണ്ടിരുന്നു. പുലിയുടെയും കടുവയുടെയും സാന്നിദ്ധ്യം ഇൗ മേഖലയിൽ ഉണ്ടെന്നും സീസണ് മുൻപ് നിരീക്ഷണത്തിന് കാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.