അടൂർ: ബി.ജെ.പി ഹർത്താൽ അടൂരിൽ സമാധാനപരം. എം.സി റോഡിലൂടെ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തി. സ്വകാര്യ വാഹനങ്ങൾ നാമമാത്രമായാണ് നിരത്തിലിറങ്ങിയത്. ഏഴംകുളത്ത് നിന്ന് ബി.ജെ.പിക്കാർ പ്രകടനമായി അടൂരിലേക്ക് വരവെ മരിയാ ആശുപത്രി ജംഗ്ഷനിൽ സി.പി.ഐ യുടെ ജാഥ കടന്ന് വന്നതോടെ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്റ്റാന്റിന് മുൻവശം കെ.എസ്. ആർ.ടി.സി ബസുകൾ തടഞ്ഞതിനെ ചൊല്ലി നേതാക്കളും പ്രവർത്തകരും തമ്മിൽ ചെറിയ തർക്കം ഉണ്ടായി. ബസുകൾ തടയുന്നത് നേതാക്കൾ വിലക്കിയതോടെ ഏഴംകുളത്ത് നിന്ന് വന്ന ചിലർ യോഗം തീരും മുൻപ് മടങ്ങി. സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെ. എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. ബി.ജെ.പി ജില്ലാസെക്രട്ടറി എം.ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതിയം ടി.ആർ.അജിത്കുമാർ, നിയോജമണ്ഡലം സെക്രട്ടറി അനിൽ നെടുംപള്ളിൽ,അഡ്വ.സേതു കുമാർ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഗോപൻ മിത്രപുരം കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എ. കെ.കൃഷ്ണൻകുട്ടി ,രൂപേഷ് അടൂർ, രാജമ്മ കുഞ്ഞമ്മ, വിജയകുമാർ പൊരിയക്കോട്, അരുൺ താന്നിക്കൽ, രാധാമണി,രവീന്ദ്രൻ മാങ്കൂട്ടം എന്നിവർ പ്രസംഗിച്ചു.