ചെങ്ങന്നുർ: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ നഗര മിളക്കി ശരണംവിളി യാത്ര. നഗരത്തിലെ വിവിധ ഹിന്ദു സംഘടനകൾ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കക്ഷിരാഷ്ടീയ ഭേദമില്ലാതെയുള്ള കൂട്ടായ്മ ശ്രദ്ധേയമായി. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്ന് വൈകിട്ട് 4.30തോടെയാണ് യാത്ര തുടങ്ങിയത്. ആൽത്തറ കവലയിൽ നിന്ന് തിരിഞ്ഞ് ആശുപത്രി കവലയിലൂടെ എം.സി. റോഡിൽ കയറി വണ്ടിമല കവലയിലാണ് ശരണം വിളി യാത്ര സമാപിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി എൻ. സനു അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി ബാലകൃഷ്ണൻ, തകഴി ഓമന, എൻ. സുധാമണി, കലാ രമേശ്, ജയശ്രീ ആലാ, അനിതാ കുമാരി, ഗണേഷ് പുലിയൂർ, ശ്രീജിഷ് ആറ്റുവ, സിനി ബിജു, ടി.കെ.മന്മഥൻനായർ, ബാബു കല്ലിശേരി എന്നിവർ നേതൃത്വം നൽകി.
കാരക്കാട്: അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാരയ്ക്കാട് നാമജപഘോഷയാത്ര നടത്തി. നെടിയത്ത് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നാമജപ ഘോഷയാത്ര ടൗൺ ചുറ്റി കാരയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് അയ്യപ്പധർമ്മ സമ്മേളനം വിശ്വസംസ്‌കൃത പ്രതിഷ്ഠാൻ സംസ്ഥാന സെക്രട്ടറി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് ടി.ഡി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
തിരുവൻവണ്ടൂർ: ആയിരങ്ങൾ പങ്കെടുത്ത ശരണംവിളി യാത്ര തിരുവൻവണ്ടൂരിൽ നടന്നു. ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താക്ഷേത്രം, വനവാതുക്കര ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ യാത്ര ആരംഭിച്ചു. പ്രാവിൻകൂട്ടിൽ ഭക്തജനങ്ങൾ നിറഞ്ഞപ്പോഴേക്കും എം.സി. റോഡ് 15 മിനിട്ടേളം സ്തംഭിച്ചു. പൊലീസ് എത്തിയതോടെ സംഘാടകർ ഇടപെട്ടാണ് വാഹനങ്ങൾ പോകാൻ ക്രമീകരണമൊരുക്കിയത്.
മുളക്കുഴ: ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപയാത്രയുമായി കുട്ടികളും. മുളക്കുഴ ശ്രീ ദുർഗാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ നാമജപയാത്ര നടത്തിയത്. ഗന്ധർവമുറ്റം ക്ഷേത്രത്തിന് സമീപം നടന്ന നാമജപത്തിന് ബാലമിത്രം എ. അർജുൻ നേതൃത്വം നൽകി.
പാണ്ടനാട്: വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പാണ്ടനാട്ടിൽ ശരണംവിളി യാത്ര നടത്തി. വന്മഴി - മുതവഴി ശ്രീമാൻകുളങ്ങര ക്ഷേത്രം, പ്രായാർ കരിങ്ങാട്ടുകാവ് ക്ഷേത്രം, ആലുംമൂട്ടു നട, അടിച്ചിക്കാവ് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച യാത്ര പഞ്ചായത്ത് കവലയിൽ സംഗമിച്ച് മിത്രമഠത്തിൽ സമാപിച്ചു. വി.എച്ച്.പി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി, രാജീവ്, ശ്യാം എന്നിവർ നേതൃത്വം നൽകി.