തിരുവല്ല: കവിയൂർ പുഞ്ചയുടെയും കുറ്റപ്പുഴത്തോടിന്റെയും പുനരുദ്ധാരണത്തിന് ചെറുകിട ജലസേചന വകുപ്പ് 12.40 കോടി രൂപയുടെ പദ്ധതി തയാറാക്കി നബാർഡിനു നൽകി. കുറ്റപ്പുഴ തോടിന്റെ നവീകരണമാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മനുഷ്യനിർമിത കനാലായി കിടക്കുന്ന 350 മീറ്റർ ദൂരം ഭാഗത്ത് 7.5 കോടി രൂപയുടെ പദ്ധതിയാണ് വേണ്ടിവരുന്നത്. ബാക്കി 24 കിലോമീറ്റർ ദൂരം തോടുകളുടെ സംരക്ഷണത്തിനു മൂന്നര കോടി രൂപയും വേണ്ടിവരും. 11 കോടി രൂപയുടെ പദ്ധതിക്ക് ജി.എസ്.ടി കൂടി ചേർത്താണ് 12.4 കോടി രൂപ വേണ്ടിവരുന്നത്. കുറ്റപ്പുഴത്തോടിന്റെ 350 മീറ്റർ ഭാഗം 20 മീറ്റർ താഴ്ചയുള്ള സ്ഥലമാണ്. ഇരുകരകളിലും അറുപതോളം വീടുകളുണ്ട്. വലിയ മരങ്ങൾ വളർന്നു നിൽക്കുന്ന തിട്ട സ്ഥിരമായി ഇടിയുന്ന സ്ഥലമാണിവിടം. മണ്ണുമാന്തിയന്ത്രത്തിനു കയറി ശുചീകരണം നടത്താവുന്ന വിധത്തിൽ 15 മീറ്റർ കോൺക്രീറ്റ് തുരങ്കം നിർമിക്കാനാണ് പദ്ധതി. ഇതോടെ മുകളിലുള്ള വീടുകൾ സുരക്ഷിതമാകുകയും തിട്ട ഇടിയുന്നത് ഒഴിവാകുകയും ചെയ്യും. തോടുകൾ വീതിയും ആഴവും കൂട്ടി ബണ്ടുകൾ നിർമിച്ചു ബലപ്പെടുത്തുന്നതിനാണ് പദ്ധതി. വകുപ്പ് തയാറാക്കി നബാർഡിനു സമർപ്പിച്ച പദ്ധതിയിൽ അവരുടെ പരിശോധനയിൽ ചിലപ്പോൾ മാറ്റം വരാനും സാദ്ധ്യതയുണ്ട്. കുറ്റപ്പുഴത്തോടിന്റെ കൃത്യമായ നവീകരണം നടത്തിയാൽ മാത്രമേ 1200 ഏക്കർ വരുന്ന പാടശേഖരം മുഴുവനും നല്ല രീതിയിൽ കൃഷി ചെയ്യാൻ കഴിയുകയുള്ളൂ. പ്രളയം വന്നപ്പോൾ പോലും സുരക്ഷിതമായി നിലകൊണ്ട പാടശേഖരത്തിന്റെ വീണ്ടെടുപ്പിനു നബാർഡിന്റെ സഹായം നേടിയെടുക്കാൻ വലിയ ശ്രമം വേണ്ടിവരും.