pk-sreemati

 

പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ കാലത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും  അത് കേരളത്തിൽ നടക്കില്ലെന്നും പി.കെ. ശ്രീമതി എം.പി പറഞ്ഞു. പത്തനംതിട്ടയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ പഴയകാലത്തെപ്പോലെ മാറ് മറയ്ക്കാതെ അമ്പലത്തിൽ പോകുമോ? ഇന്നത്തെ പെൺകുട്ടികൾ മാറ് മറയ്ക്കാതെ നടന്നാൽ എന്താകും സ്ഥിതി?. ഇത് പുരുഷാധിപത്യത്തിന്റെ ലോകമല്ല. സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് അശുദ്ധിയാണെങ്കിൽ  അവരുമായി  ശാരീരിക  ബന്ധത്തിൽ  ഏർപ്പെടുന്നതും അശുദ്ധിയല്ലേ. സ്ത്രീകൾ പ്രസവിക്കുന്നതും കുട്ടികളെ തൊടുന്നതും അശുദ്ധിയാകും. ഒരുകാലത്ത് വീട്ടിൽ നിന്ന് കുളിച്ച് ശുദ്ധിയായി പോകുന്ന സ്ത്രീകൾ ക്ഷേത്രക്കുളത്തിലും കുളിക്കണമായിരുന്നു. നനഞ്ഞ വസ്ത്രത്തോടുകൂടിയ സ്ത്രീകളുടെ ശരീരം കാണാൻ വേണ്ടിയായിരുന്നില്ലേ അത്- ശ്രീമതി ചോദിച്ചു.

പുരുഷകേസരികളുടെ സംഘടനയായ ആർ.എസ്.എസും രമേശ് ചെന്നിത്തലയും സ്ത്രീകളെ ഇളക്കിവിട്ട് കലാപത്തിനു ശ്രമിക്കുകയാണ്. അവരുടെ നിലപാടിലെ പാെള്ളത്തരം ജനങ്ങൾ തിരിച്ചറിയുമെന്നും ശ്രീമതി പറഞ്ഞു. അസോസിയേഷൻ ജില്ലാ അദ്ധ്യക്ഷ എസ്. പ്രമീളദേവി അദ്ധ്യക്ഷത വഹിച്ചു. പി. സതീദേവി, സി.എസ്. സുജാത തുടങ്ങിയവർ സംസാരിച്ചു.

വിധിക്കെതിരെയും

സ്ത്രീപ്രവേശനത്തെ  അനുകൂലിച്ച്‌ സി.പി.എമ്മിന്റെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സംഗമത്തിൽ പങ്കെടുത്ത വനിതകളിൽ ചിലർ സുപ്രീംകോടതി വിധിയെ എതിർത്ത് സംസാരിച്ചത് കൗതുകമായി. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം വേണ്ടെന്നും അവർ ചാനലുകളോട് പറഞ്ഞു. യുവതികൾ ഉൾപ്പെടെയുള്ളവരുടെ കോടതിവിധിക്കെതിരായ ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയകളിലും പടർന്നു.