പന്തളം: ശരണം വിളികളുമായി എൻ.ഡി.എയുടെ ശബരിമല സംരക്ഷണ യാത്ര തുടങ്ങി. ആചാര സംരക്ഷണത്തിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിളള നയിക്കുന്ന തിരുവനന്തപുരത്തേക്കുള്ള പദയാത്രയിൽ ആദ്യ ദിവസം സ്ത്രീകളടക്കം ആയിരങ്ങൾ അണിചേർന്നു. പന്തളം കൊട്ടാരത്തോടു ചേർന്നുള്ള മണികണ്ഠനാൽത്തറയിലെ വേദിയിൽ എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒാർഡിനൻസ് കൊണ്ടുവരണമെന്ന് യാത്ര ഉദ്ഘാടനം ചെയ്ത തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ സർക്കാരിന്റെ കണ്ണ് തുറക്കണം. വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ക്രിസ്ത്യാനികളുടെയോ മുസ്ളിങ്ങളുടെയും ആരാധനാലയത്തിൽ തിടുക്കപ്പെട്ട് വിധി നടപ്പാക്കുമോയെന്നും തുഷാർ ചോദിച്ചു.

അവിശ്വാസികളുടെ കൂടാരമായ സംസ്ഥാന സർക്കാർ വിശ്വാസികൾക്കു നേരെ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച എൻ.ഡി.എ ചെയർമാൻ പി. എസ്. ശ്രീധരൻപിളള പറഞ്ഞു. ശബരിമലയെ സംബന്ധിച്ച വിശ്വാസത്തെ തകർക്കാൻ സി.പി.എം അരനൂറ്റാണ്ടായി ശ്രമിക്കുന്നു. ഇപ്പോഴത്തെ കോടതി വിധി തിടുക്കത്തിൽ നടപ്പാക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്.

സ്ത്രീകളുടെ ശാപമേറ്റ് സി.പി.എമ്മും പിണറായി സർക്കാരും തകരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴ്സായി സൗന്ദരരാജ് പറഞ്ഞു.

വി .മുരളീധരൻ എം.പി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് നേതാക്കളായ സുഭാഷ് വാസു, കെ. പത്മകുമാർ, ഡോ. എ.വി. ആനന്ദരാജ്, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ആർ. പൊന്നപ്പൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള തോമസ്, പി.എസ്.പി ചെയർമാൻ കെ.കെ. പൊന്നപ്പൻ, പന്തളം രാജപ്രതിനിധി രാജരാജ വർമ്മ, തിരുവാഭരണ വാഹക സംഘത്തിലെ പ്രധാനിയായ കുളത്തിനാൽ ഗംഗാധരൻ പിള്ള, അയ്യങ്കാളി ട്രസ്റ്റ് ചെയർമാൻ ഡോ. പി.പി. വാവ, വണ്ണാൻ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി എ. മധുസൂദനൻ, തലപ്പാറ മല മൂപ്പൻ ഓമനക്കുട്ടൻ, ശബരിമലയിലെ കളമെഴുത്ത് അവകാശികളായ റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു .

ആദ്യ ദിവസത്തെ യാത്ര ഇന്നലെ വൈകിട്ട് അടൂരിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. ഇന്ന് നൂറനാട് പടനിലത്ത് നിന്ന് യാത്ര ആരംഭിക്കും.