പത്തനംതിട്ട: മടങ്ങിവന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകുന്നതിനുള്ള പ്രായപരിധി 60 നിന്നും 70 വയസായി ദീർഘിപ്പിക്കണമെന്നും ഇപ്പോഴുള്ള നാമമാത്രമായ പെൻഷൻതുക വർദ്ധിപ്പിക്കണമെന്നും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ എന്നിവർ സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. മടങ്ങിവന്ന പ്രവാസികൾക്കായി യു.ഡി.എഫ് സർക്കാർ ആരംഭിച്ച പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് സ്വയം തൊഴിൽ വായ്പ പദ്ധതിയിൽ നിന്നുള്ള വായ്പകൾ ലഭ്യമാക്കുന്നതിൽ ദേശസാത്കൃത ബാങ്കുകൾ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് അവസാനിപ്പിക്കുവാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. നോർക്കാ വകുപ്പിൽ നിന്നും പ്രവാസികൾക്കുള്ള സാന്ത്വനം ചികിത്സാ പദ്ധതി, പെൺമക്കളുടെ വിവാഹത്തിനുള്ള ധനസഹായം, അവകാശികൾക്കുള്ള മരണാനന്തര സഹായം എന്നിവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ജില്ലയിൽ കളക്ടറേറ്റിനോട് ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നോർക്കാ സെല്ലിന്റെ പ്രവർത്തനം പൂർണതോതിൽ പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രവാസി കോൺഗ്രസ് നേതാക്കൾ നിയമസഭാ സമിതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.