പഴകുളം: സ്റ്റോപ്പിലല്ലാതെ ബസ് നിർത്തിയതിനെ തുടർന്ന് പിറകെ വന്ന മഹേന്ദ്ര ദോസ്ത് വാഹനവും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. വൻ അപകടം ഒഴിവായി. ഇന്നലെ കെ.പി റോഡിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന് സമീപമാണ് അപകടം. ലൈഫ് ലൈൻ ഹോസ്പിറ്റലിന് മുന്നിൽ യാത്രകാരെ ഇറക്കിയശേഷം അടൂരിലേക്ക് പോയ സ്വകാര്യബസ് 50 മീറ്റർ ദൂരത്തിലെത്തിയപ്പോഴേക്കും യാത്രകാരനെ കയറ്റാൻ പെട്ടെന്ന് നിർത്തിയതാണ് അപകടകാരണം. മഹേന്ദ്ര ദോസ്ത് വാഹനത്തിൽ ഹാർഡ് വെയർസാധനങ്ങൾ ടാങ്കർ ലോറിയുടെ ചില്ല് തകർത്ത് അകത്തേക്ക് കയറി. ഡ്രൈവറും ക്ലീനറും നിസാരപരിക്കുകളോടെ രക്ഷപെടുകയായിരുന്നു. കെ പി റോഡിൽ സ്വകാര്യബസുകൾ സ്റ്റോപ്പില്ലാത്തിടത്ത് യാത്രക്കാരെയിറക്കുന്നതും കയറ്റുന്നതും പതിവാണ്. ഇത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.