തിരുവല്ല: കടപ്ര സബ് രജിസ്ട്രാർ ഓഫിസ് പൊടിയാടിയിൽ പ്രവർത്തനം തുടങ്ങി. വെള്ളപ്പൊക്കത്തിൽ മുങ്ങിയ കടപ്ര സബ് റജിസ്ട്രാർ ഓഫീസ് ഒന്നര മാസമായി തിരുവല്ല സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു പ്രവർത്തനം. പമ്പയാറിന്റെ തീരത്തെ പുളിക്കീഴ് കടവിലെ പഴയ ബോട്ട് ഓഫീസ് കെട്ടിടത്തിൽ താൽക്കാലികമായിട്ടായിരുന്നു വർഷങ്ങളായി സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിച്ചിരുന്നത്. നനഞ്ഞു ചോർന്നൊലിക്കുന്ന കാലാഹരണപ്പെട്ട കെട്ടിടത്തിൽ ഫയലുകൾ സൂക്ഷിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ഇവിടെയെത്തുന്നവരുമെല്ലാം ഈ ദുരിതം സഹിച്ചു. മുഴുവൻ തകരാറിലായ കെട്ടിടം കഴിഞ്ഞ വെള്ളപ്പൊക്കത്തോടെ പൂർണമായി തകർന്നു. ഇതോടെയാണ് തിരുവല്ലയ്ക്കു മാറിയത്. സബ് റജിസ്ട്രാർ ഓഫീസിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഇതുവരെയും ആയിട്ടില്ല. കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന നെടുമ്പ്രം പഞ്ചായത്ത് വക കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങുന്നത്. പുതിയ സ്ഥലത്ത് പ്രവർത്തനം തുടങ്ങുമെങ്കിലും പ്രളയത്തിൽ നഷ്ടപ്പെട്ടവ പൂർണമായി സജീകരിച്ചിട്ടില്ല. നഷ്ടമായ കംപ്യൂട്ടറിനു പകരം ഇതുവരെയും ലഭിച്ചിട്ടില്ല. എക്‌സ്‌ചേഞ്ച് മാറിയതിനാൽ ഇന്റർനെറ്റ് സൗകര്യവും ആയിട്ടില്ല. തൽക്കാലം തിരുവല്ലയിൽ തന്നെ ഓൺലൈൻ സൗകര്യം തുടരുമെന്ന് അധികൃതർ പറഞ്ഞു.