കൈക്കൂലി ഇടപാടിനെന്ന് ആരോപണം

പത്തനംതിട്ട: മണ്ണെടുപ്പുകാരുടെ ഏജന്റിനെ ജിയോളജി വകുപ്പിന്റെ ജില്ലാ ഒാഫീസിൽ ഡ്രൈവറായി നിയമിച്ചു. മാനദണ്ഡം മറികടന്നാണ് നിയമനമെന്ന് ആക്ഷേപമുയർന്നു. ഇലവുംതിട്ട സ്വദേശിയായ ഏജന്റിനെയാണ് ജിയോളജി ഒാഫീസിൽ ഒരു മാസം മുൻപ് താൽക്കാലിക ഡ്രൈവറായി നിയമിച്ചത്. തിരുവനന്തപുരത്തെ ജിയോളജി ഡയറക്ടറേറ്റിൽ നിന്ന് നേരിട്ട് നിയമിക്കുകയായിരുന്നു. എംപ്ളോയ്മെന്റ് ഒാഫീസുകളിൽ നിന്നോ പത്രപ്പരസ്യം നൽകിയോ സർക്കാർ ഒാഫീസുകളിൽ താൽക്കാലിക ഡ്രൈവറെ നിയമിക്കണമെന്നാണ് മാനദണ്ഡം. എന്നാൽ, ജിയോളജി ഒാഫീസിലെ ഡ്രൈവർ നിയമനത്തിന് ഇതൊന്നും പരിഗണിച്ചില്ല. ആറൻമുളയിലുളള ജില്ലാ ഒാഫീസിലെ ജീവനക്കാരുമായി അടുപ്പമുളളയാൾക്ക് നിയമനം നൽകുകയായിരുന്നു. ഇത് കൈക്കൂലി ഇടപാടിനാണെന്ന് ആരോപണമുണ്ട്. നിയമനം ലഭിച്ചയാൾ വർഷങ്ങളായി മണ്ണ് കടത്തുന്ന ടിപ്പർ ലോറി ഡ്രൈവറായിരുന്നു. പിന്നീട് മണ്ണെടുപ്പിന്റെ ജില്ലയിലെ പ്രധാന ഏജന്റായി. മണ്ണെടുപ്പിനുളള പാസുകൾ ജിയോളജി ഒാഫീസിൽ നിന്ന് വേഗത്തിൽ സംഘടിപ്പിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിക്കുന്നുണ്ട്. അഴിമതിക്ക് പേരു കേട്ട ജിയോളജി ഒാഫീസിൽ ഡ്രൈവർ നിയമനം പുതിയ വിവാദമായി.

>>>>>

പരിചയക്കാരനായതുകൊണ്ട് നിയമനം

അതേസമയം, താൽക്കാലിക ഡ്രൈവർ നിയമനത്തിന് അപേക്ഷ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ജില്ലയുടെ ചുമതലയുളള കോട്ടയം ജിയോളജി ഒാഫീസർ പറയുന്നത്. പെട്ടന്നുളള നിയമനമാണിത്. ജീവനക്കാർക്ക് പരിചയക്കാരനായ ആളെ നിയമിച്ചുവെന്നു മാത്രം. ഡ്രൈവറുടെ മറ്റ് ഇടപാടുകൾ എന്തൊക്കയെന്ന് പരിശോധിച്ചിട്ടില്ല.

>>>

രണ്ടരമാസമായി ജിയോളജി ഒാഫീസറില്ല

ജില്ലയിൽ ജിയോളജി ഒാഫീസറില്ല. ജൂലായിൽ അന്നത്തെ ജിയോളജി ഒാഫീസറായിരുന്ന വാഹാബ് താമസിച്ച പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ നിന്ന് 2.14 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. മണ്ണ്, പാറമട മാഫിയകളിൽ നിന്ന് കൈക്കൂലിയായി ലഭിച്ച പണമെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. കോട്ടയം ഒാഫീസർക്ക് പത്തനംതിട്ടയുടെ അധികച്ചുമതല നൽകി.