തിരുവല്ല: ശബരിമലയിൽ സ്ത്രീ പ്രവേശം അനുവദിച്ചുള്ള കോടതി വിധിയിൽ പ്രതിഷേധിച്ച് പ്ലക്കാർഡുമേന്തി യുവതിയുടെ ഒറ്റയാൾ പദയാത്ര. ആലപ്പുഴ മുഹമ്മ സ്വദേശിനിയായ കവിത കൃഷ്ണ ഗോവിന്ദ് എന്ന നാൽപ്പതുകാരിയാണ് അയ്യപ്പഭക്തർ പന്തൽ കെട്ടി നിലയ്ക്കലിൽ നടത്തുന്ന പ്രതിക്ഷേധ സ്ഥലത്തേക്ക് കാൽനടയാത നടത്തുന്നത്. മുഹമ്മ പളളിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കവിത യാത്ര ആരംഭിച്ചത്. സമീപത്ത് തന്നെയുള്ള മുസ്ലിം, ക്രിസ്ത്യൻ പള്ളികളിലും നേർച്ചയിട്ട് യാത്ര തുടർന്നു. രാത്രികളിൽ ഏതെങ്കിലും ക്ഷേത്രങ്ങളിൽ അന്തിയുറങ്ങി പുലർച്ചെ പദയാത്ര തുടരും. നിലയ്ക്കലിൽ നിന്ന് എപ്പോൾ തിരികെ മടങ്ങുമെന്ന് അവിടെ എത്തിയിട്ട് തീരുമാനിക്കുമെന്ന് കവിത പറഞ്ഞു. പ്ലക്കാർഡുമായി യുവതി നടത്തുന്ന കാൽനടയാത്ര ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിലും വൈറലായിട്ടുണ്ട്.