തിരുവല്ല: കല്ലിശേരിയിൽ നിന്നുള്ള കുടിവെള്ള പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ പണികൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ - ചിലങ്ക റോഡിലാണ് ഇന്നലെ മുതൽ ജോലികൾ തുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പഴയ ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി 700 എം.എം. വ്യാസമുളള ഡക്ടൈൽ അയൺ പൈപ്പുകൾ ഇടുന്ന പ്രവർത്തനമാണ് നടക്കുന്നത്. കുറ്റപ്പുഴയ്ക്കുളള 400 എം.എം., 250 എം.എം., കവിയൂരിനുളള 200 എം.എം.,കൊമ്പാടി പമ്പിംഗ് മെയിൻ, കല്ലിശ്ശേരിയിലെ 700 എം.എം എന്നീ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ രണ്ടാഴ്‌ച മുമ്പ് പൂർത്തിയാക്കിയിരുന്നു. കല്ലിശ്ശേരിയിലെ നിലവിലുളള 700 എം.എം. പൈപ്പ് ആസ്ബറ്റോസ് ആയതിനാൽ അറ്റകുറ്റപ്പണികൾ കൂടുതൽ വേണ്ടിവരും. കല്ലിശ്ശേരി പദ്ധതിയിൽ നിന്ന് തിരുവല്ലയിലെ ശുദ്ധീകരണശാലയിലേക്കുളള പൈപ്പുകൾ നഗരത്തിൽ പലവട്ടം പൊട്ടിയതിനെ തുടർന്നാണ് മാറ്റി സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി നടത്തുന്ന പദ്ധതിയുടെ അവസാന ഭാഗമാണിപ്പോൾ നടക്കുന്നത്. തിരുവല്ലയിലെ ശുദ്ധീകരണ ശാലവരെ പുതിയ പൈപ്പിടാൻ വൈ.എം.സി.എ. റോഡ് ഭാഗത്തു നിന്ന് ഒരുകിലോമീറ്ററാണ് അവശേഷിക്കുന്നത്. ഇതിൽ 770 മീറ്റർ ഭാഗത്തെ പൈപ്പ് വാട്ടർ അതോറിറ്റിയാണ് ഇടുന്നത്. എം.സി റോഡ് മുറിച്ച് മല്ലപ്പളളി റോഡിലേക്കെത്തുന്ന 230 മീറ്റർ ഭാഗം ചെയ്യുന്നതിന്റെ ചുമതല കെ.എസ്.ടി.പിക്കാണ്. ഇതിനുളള പണവും പൈപ്പ് ഉൾപ്പെടുന്ന സാമഗ്രികളും ജലഅതോറിറ്റി കെ.എസ്.ടി.പി.ക്ക് കൈമാറിയിട്ടുണ്ട്. നഗരത്തിലൂടെയുളള എം.സി റോഡ് വികസനത്തിന്റെ പണികൾ കെ.എസ്.ടി.പിയാണ് ചെയ്യുന്നത്. റോഡുപണിക്കൊപ്പം തന്നെ ജലവിതരണ കുഴലുകളും മാറ്റിയിടും.
കുടിവെള്ളം മുടങ്ങും
തിരുവല്ല: കല്ലിശേരിയിൽ നിന്ന് തിരുവല്ലയിലേക്കുള്ള കുടിവെള്ള പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവല്ല , ചങ്ങനാശേരി നഗരസഭകളിൽ ഭാഗീകമായും കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ പൂർണമായും 13, 14, 15 തീയതികളിൽ ജലവിതരണം മുടങ്ങും.
ഇന്നും നാളെയും ഗതാഗതനിയന്ത്രണം
തിരുവല്ല: കുടിവെള്ള പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചമുതൽ നാളെ ഉച്ചവരെ തിരുവല്ല - മല്ലപ്പള്ളി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മല്ലപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുറ്റപ്പുഴയിൽ നിന്ന് മുത്തൂർ വഴി എം.സി റോഡിൽ എത്തണം. മല്ലപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈ.എം.സി.എ - റെയിൽവേ സ്റ്റേഷൻ റോഡ് വഴി ചിലങ്ക ജംഗ്ഷനിലെത്തി പോകണം.