പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാർ കടുംപിടിത്തം വെടിയണമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഇത് വിശ്വാസികളുടെ സമരമാണ്. പമ്പയിൽ ചോരപ്പുഴ ഒഴുകാതെ നോക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പത്തനംതിട്ട പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാനും ഓർഡിനൻസ് പുറത്തിറക്കാനും തയാറാകണം. എല്ലാ മതങ്ങളിലെയും ഈശ്വരവിശ്വാസികളുടെ പിന്തുണ സമരത്തിനുണ്ട്. കോൺഗ്രസ് വിശ്വാസികളോടൊപ്പം സമരരംഗത്തുണ്ട്. 16ന് തിരുവനന്തപുരത്തും 17ന് നിലയ്ക്കലും പ്രാർത്ഥനായജ്ഞം ഉണ്ടാകും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുംഅദ്ദേഹം അറിയിച്ചു.
ശബരിമലയിൽ യുവതികൾ വന്നാൽ പുരുഷനോ പുലിയോ പിടിക്കാനിടയുണ്ടെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാൻ യുവതികൾ പോകാതിരിക്കുന്നതാണ് നല്ലത്.
യുവതികൾ കയറിയാൽപ്പിന്നെ താൻ ശബരിമല ദർശനത്തിന് പോകില്ല. സ്ത്രീകൾ കയറിയാൽ അയ്യപ്പചൈതന്യം നഷ്ടമാകും. ചൈതന്യം നഷ്ടമായ ക്ഷേത്രത്തിൽ പോകുന്നതിലും നല്ലത് വീട്ടിൽ അയ്യപ്പന്റെ ചിത്രത്തിന് മുമ്പിൽ പ്രാർത്ഥിക്കുകയാണ്.
ആർത്തവകാലത്തും പുല, വാലായ്മ കാലത്തും ക്ഷേത്രദർശനം ആചാരപ്രകാരം പാടില്ല. കോടതിവിധിയോടെ ഇത് ഇല്ലാതാകുന്നു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഈ സാഹചര്യം പരിഹരിക്കാൻ വേണ്ടത് ചെയ്യണമെന്ന് പ്രയാർ പറഞ്ഞു.