അടൂർ : മണക്കാല താഴത്തുമണ്ണിൽനിന്നും വ്യാജവിദേശമദ്യം പി‌ടിച്ചെടുക്കുന്നതിന് പ്രധാനമായും തുമ്പായത് മോഷണം നടത്തിയ മാരുതി കാറിനുവേണ്ടിയുള്ള തിരച്ചിൽ. വിദേശമദ്യം പിടിച്ചെടുത്ത സ്ഥലത്തുനിന്നും ഇന്നലെ പൊലീസ് കണ്ടെത്തിയ മാരുതി കാർ മോഷ്ടാക്കളിൽനിന്നും വാങ്ങി വ്യാജനമ്പർപ്ളെയിറ്റ് വച്ച് മദ്യം കടത്തിവരികയായിരുന്നു. കാർമോഷണകേസുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് ആലപ്പുഴ സ്വദേശികളെ ചുറ്റിപറ്റി നടത്തിയ അന്വേഷണം വ്യാജമദ്യനിർമാണ യൂണിറ്റിലാണ് കൊണ്ടുചെന്നെത്തിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ജില്ലാ പൊലീസ് ചീഫിന്റെ നിയന്ത്രണത്തിലുള്ള നിഴൽ പൊലീസിന് വിദേശമദ്യനിർമ്മാണ യൂണിറ്റിനെപറ്റിയും വിവരം ലഭിച്ചത്. അടൂർ പൊലീസിന്റെ സഹായത്തോടെ അതീവരഹസ്യമായി സ്ഥലം മനസിലാക്കിയ പൊലീസ് ഇന്നലെ വൈകിട്ട് ആറിന് ഒാമ് നികാറിലാണ് മദ്യനിർമാണകേന്ദ്രത്തിലെത്തിയത്. വളരെ വിജനമായ ഒരുസ്ഥലത്താണ് ഇത് പ്രവർത്തിച്ചുവന്നത്. കനാൽ കരയിൽ നിന്നും അതീവദുർഘടമായ പാതയിലൂടെയുള്ള ഒരു ചെറുവഴി മാത്രമാണ് ഇൗ വീട്ടിലേക്കുള്ളത്. വീട്ടുടമയായ എബി മാത്രമാണ് ഇവിടെ താമസം. ഇയാളുടെ വീടിനോട് ചേർന്ന പഴയതും ജീർണിച്ചതുമായ കളീലിന്റെ ഒരു മുറിയിലാണ് സ്പിരിറ്റും, വ്യാജവിദേശമദ്യവും നിർമിച്ചുവന്നത്. ഇന്നലെ മഫ്ടിയിൽ പൊലീസ് എത്തുമ്പോൾ പരിചയമില്ലാത്ത വാഹനം കയറിവരുന്നത് കണ്ട് ഇരുളിന്റെ മറവിൽ നിന്നാണ് യഥാർത്ഥപ്രതിയായ ഹാരിജോൺ നിരീക്ഷിച്ചത്. മഫ്ടിയിലെത്തിയ പൊലീസ് സംഘം വീട്ടുടമയായ എബിയെ പിടികൂടിയതോടെ ഇയാൾ പുരയിടത്തിലൂടെ പമ്മിയിറങ്ങി രക്ഷപെടുകയായിരുന്നു.

ഹാരിജോൺ നിരവധി അബ്കാരി കേസുകളിലെ പ്രതി

നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് ഹാരിജോൺ. എക്സൈസ് ഗാർഡായിരിക്കേതന്നെ സ്പിരിറ്റ് കടത്തിയതുൾപ്പെടെ ഒന്നിലധികം കേസുകളിൽ പ്രതിയായതോടെയാണ് മൂന്ന് വർഷം മുൻപ് ഇയാളെ സർവീസിൽ നിന്നും സർക്കാർ നീക്കം ചെയ്തത്.തുടർന്നും വ്യാജമദ്യനിർമാണവും സ്പിരിറ്റു വിൽപ്പനയും നടത്തിവരുന്നതിനൊപ്പം നേരത്തെ പ്രതിയായ കേസുകളിൽ വിചാരണയും നേരിട്ടുവരികയാണ്. മോഷ്ടിച്ച വാഹനങ്ങൾ വാങ്ങി അതിൽ വ്യാജനമ്പർ പ്ളെയിറ്റുകൾ പതിച്ചാണ് സാധനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചുകൊണ്ടിരുന്നത്. ഇതിന് തെളിവാണ് മുറിയിൽ നിന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ പ്ളെയിറ്റ് പൊലീസ് കണ്ടെത്തിയത്. യഥാർത്ഥ പ്രതി പിടിയിലായാൽ മാത്രമേ സ്പിരിറ്റന്റെ പ്രധാന ഉറവിടം കണ്ടെത്താനാകൂ. ബിവറേജസ് കോർപ്പറേഷന്റെ ഒൗട്ട്ലെറ്റുകളും ബാറുകളും തുറന്നതോടെ സ്പിരിറ്റ് എത്തുന്നില്ലെന്ന ആശ്വാസത്തിലായിരുന്നു പ്രധാനമായും എക്സൈസ് ഉദ്യോഗസ്ഥർ. എന്നാൽ അവരുടെ വിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയും പ്രഹരവുമായിപോയി താഴത്തുമണ്ണിലെ സ്പിരിറ്റ് ശേഖരവും, വ്യാജവിദേശമദ്യ നിർമ്മിത യൂണിറ്റും .