പത്തനംതിട്ട: ഇന്ത്യൻ ഭരണഘടന കത്തിക്കേണ്ട കാലം വരുമെന്ന് പൊതുവേദിയിൽ പ്രസംഗിച്ച സംഘപരിവാർ നേതാവായ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ കെ. ജി. മുരളീധരൻ ഉണ്ണിത്താനാണ് ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചത്. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീകോടതി വിധിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട കുമ്പഴയിൽ ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധയോഗത്തിലാണ് വിവാദ പരാമർശം.
ഭരണഘടന കോട്ടിട്ട കുറെ സായിപ്പന്മാർ ഉണ്ടാക്കിയതാണെന്നും ഈ 'പണ്ടാരം' നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഗോരക്ഷാ സമിതി നേതാവുകൂടിയാണ് അദ്ദേഹം.
എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി വിപിൻബാബുവിന്റെ പരാതിയിൽ ദേശത്തിന്റെ മഹത്വത്തെ അപമാനിച്ചതിനാണ് കേസ്. പ്രസംഗത്തിന്റെ ദൃശ്യം പൊലീസ് ശേഖരിച്ചു. മുരളീധരനെ ചോദ്യംചെയ്യും.
>>>
പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു
ഭരണഘടന കത്തിക്കേണ്ട കാലം വരുമെന്ന് ഡോ.ബി.ആർ.അംബേദ്കർ പറഞ്ഞതാണ് താൻ പൊതുവേദിയിൽ പ്രസംഗിച്ചതെന്ന് കെ. ജി. മുരളീധരൻ ഉണ്ണിത്താൻ പറഞ്ഞു. പൊലീസിന് പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കാം. അംബേദ്കർ പറഞ്ഞതും പരിശോധിക്കണം.