പന്തളം: പന്തളം എൻ.എസ്.എസ് പോളിടെക്നിക്ക് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐക്കാർ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പന്തളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.രാജേഷ് (32), അനീഷ് കുമാർ (30), എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ (20), അഖിൽ തമ്പി (19), ബിനോ (19), എ.ബി.വി.പി പ്രവർത്തകരായ മനു (19), കുരമ്പാല കുറ്റിയിൽ പുത്തൻ വീട്ടിൽ അനന്ദൻ (25), മനോജ് ഭവനിൽ ദിലീപ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.15 ഓടെ എസ്.എഫ്.ഐ ക്കാർ പ്രകടനമായി കുരമ്പാല ജംഗ്ഷനിലേക്ക് വരുമ്പോൾ പെരുമ്പുളിയ്ക്കൽ പുലിയംമഠം ജംഗ്ഷന് സമീപം സോഡാകുപ്പിയും കട്ടയും കൊണ്ട് എറിയുകയും സംഘർഷം ഉണ്ടാവുകയുമായിരുന്നു. സംഘപരിവാർ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഏറുകൊണ്ടു. പരിക്കേറ്റ എസ്.എഫ്.ഐ ക്കാരായ മൂന്ന് പേർ അടൂർ ഗവ. ആശുപത്രിയിലും പൊലീസ്‌കാർ ഉൾപ്പെടെ അഞ്ച് പേർ പന്തളത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. നാല് കടകൾക്ക് നേരെയും ആക്രമണം ഉണ്ടായി.