പള്ളിക്കൽ: മുഴക്കോലും കരണ്ടിയും കൈയിലെടുത്ത് കുടുംബശ്രീയുടെ കരുത്തിൽ പെൺകൂട്ടായ്മ വീടൊരുക്കുകയാണ്. വനിതകൾ കെട്ടിട നിർമാണരംഗത്ത് പരിശീലനം നേടുന്നതിന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്ത് രണ്ടാം വാർഡിൽ പാലവിളയിൽ തങ്കമ്മയ്ക്കാണ് വീടൊരുങ്ങുന്നത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 23 വനിതകൾ വീടൊരുക്കത്തിന് കൈകോർക്കുന്നു. 440 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം 53 ദിവസം കൊണ്ട് പൂർത്തീകരിക്കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 4 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം. ഈ തുക കൊണ്ട് വീട് പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ കുടുംബശ്രീ സഹായമൊരുക്കുകയാണ്.
ഒരു തൊഴിലാളിക്ക് 275 രൂപയാണ് ദിവസക്കൂലി. കുടുംബശ്രീ ജില്ലാമിഷന് വേ ണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌കിൽ ആൻഡ് എക്സലെൻസസ് സസ് സ്രൈനബിൾ ഡവലപ്പ്‌മെന്റ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻജിനിയർ അഫ്ന നിർമ്മാണത്തിൽ പരിശീലനം നല്കുന്നു.
കുടുംബശ്രീ ജില്ലാമിഷൻ ജില്ലയിലെ 54 പഞ്ചായത്തിലും 30 പേരിൽ കുറയാത്ത വനിതകൾക്ക് കെട്ടിട നിർമാണത്തിൽ പരിശീലനം നൽകുന്നുണ്ട്. ജില്ലയിൽ പത്ത് പഞ്ചായത്തിലായി പത്ത് വീടുകളുടെ നിർമാണം നടന്നുവരികയാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ത്രിതല പഞ്ചായത്തുകളുടെ ടെൻഡർ അല്ലാത്ത പത്ത് ലക്ഷത്തിൽ താഴെയുള്ള മരാമത്ത് പണികൾ ഇവർക്ക് ചെയ്യാൻ കഴിയും. പള്ളിക്കൽ പഞ്ചായത്തിൽ കിണർ നിർമാണം വനിതകൾ വിജയകരമായി പൂർത്തീകരിച്ചിരുന്നു.പഞ്ചാരിമേളത്തിലും തെങ്ങുകയറ്റത്തിലും പരിശീലനത്തിലൂടെ വിജയം നേടിയ മനക്കരുത്തിലാണ് കെട്ടിട നിർമ്മാണത്തിലേക്ക് ചുവടുവച്ചത്. വാനത്തിൽ പാറ അടുക്കുന്നത് മുതൽ കെട്ടിടം പൂർത്തിയാകുന്നത് വരെയുള്ള എല്ലാ പണികളും വനിതകളാണ് ചെയ്യുന്നത്. തങ്കമണിയാണ് തൊഴിലാളികൾക്ക് നേതൃത്വം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി,വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, വാർഡംഗം അംജിത്ത്, കുടുംബശ്രീ ചെയർപേഴ്സൺ ലളിതാഭാസുരൻ,വി.ഇ.ഒമാരായ സജീവ് ,രാഹുൽ എന്നിവർ നിർമാണ പുരോഗതി വിലയിരുത്തി.