തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എപ്പിസ്കോപ്പമാരുടെ പുനർനാമകരണ ശുശ്രൂഷ ഇന്ന് രാവിലെ 9.30ന് നടക്കും. കുർബാന മധ്യേ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പോലീത്ത നാമകരണ പ്രഖ്യാപനം നടത്തും. ഇതോടെ അപ്പോസ്തോലിക പാരമ്പര്യത്തിൽ സ്ഥാപിതമായ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പൂർണ്ണ പൗരസ്ത്യ പൈതൃക നിറവിലെത്തും.അപ്പോസ്തോലിക പിൻതുടർച്ചയിലും പൗരസ്ത്യ പാരമ്പര്യത്തിലുമാണ് സഭയുടെ വിശ്വാസവും ആരാധനയും നടന്നു വരുന്നത്.
ഇതുവരെ എപ്പിസ്കോപ്പമാർ സാധാരണ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് വർഷങ്ങളായി സഭ ഒന്നാകെ നടത്തിയ പഠനങ്ങളുടേയും പ്രാർത്ഥനയുടേയും ധ്യാനത്തിന്റെയും ഫലമായിട്ടാണ് എപ്പിസക്കോപ്പാമാർക്ക് പുനർനാമകരണം നൽകുവാൻ തീരുമാനിച്ചത്. ആത്മീയ പരിശുദ്ധിയിലൂടെ ദൈവരാജ്യ കെട്ടുപണിക്കായി ജീവിതം ക്രിസ്തുവിൽ സമർപ്പിച്ച ആദിമസഭാപിതാക്കന്മാരുടെ പേരുകളാണ് സഭയിലെ ഇടയ ശ്രേഷ്ടന്മാർ സ്വീകരിക്കുന്നത്. സഭാ ആസ്ഥാനത്തെ അതിഭദ്രാസനത്തിൽ ചടങ്ങുകൾ നടക്കുന്ന സമയത്ത് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും പ്രത്യേക ചടങ്ങുകൾ നടക്കും.
നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ്, നോർത്ത് അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഇൻഡ്യയിലെ ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുള്ള 57 രൂപതാ കേന്ദ്രങ്ങളിലാണ് ഒരേ സമയം പുനർനാമകരണപ്രഖ്യാപനം നടക്കുന്നത്. ഭദ്രാസന ആസ്ഥാനങ്ങളിൽ എപ്പിസ്കോപ്പാമാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന കുർബാന മദ്ധ്യേ വികാരി ജനറാൾമാരായിരിക്കും സഭയുടെ പരമാചാര്യനും പിതാവുമായ ഡോ.കെ.പി യോഹന്നാൻ മെത്രാപ്പോലീത്തയുടെ കല്പന വായിക്കുന്നതെന്ന് സിനഡ് സെക്രട്ടറി ഡോ.സാമുവേൽ മാത്യു എപ്പിസകോപ്പാ അറിയിച്ചു.