പത്തനംതിട്ട : പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്ര പദ്ധതിയിൽ 106.80 കോടി രൂപയുടെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ആന്റോ ആന്റണി എം.പി അറിയിച്ചു. ജില്ലയിലെ ആദ്യത്തെ ഹൈവേയായ എൻ.എച്ച്. 183 എ യിൽ 30.18 കോടിയുടെ നിർമ്മാണം നടക്കുകയാണ്. എൻ.എച്ച് 183 എയിൽ മുണ്ടക്കയത്ത് കൂടിച്ചേരുന്ന എൻ.എച്ച് 183 യിൽ 22 കോടി രൂപായുടെ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തീകരിക്കുകയാണ്.
മല്ലപ്പള്ളി - പുല്ലാട് റോഡ് ദേശീയനിലവാരത്തിലേക്കുയർത്താൻ അനുവദിച്ച 12.64 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് മല്ലപ്പള്ളിയിൽ നടക്കും.
തടിയൂർ - കുരുടാമണ്ണിൽ കടവ് - പേരൂച്ചാൽ റോഡിന് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 12 കോടി രൂപാ അനുവദിച്ചിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിട്ടിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനയിൽ 7 റോഡുകളുടെ കൂടി നിർമ്മാണം പൂർത്തിയായി. 13.24 കോടി രൂപാ ചെലവിൽ 20. 55 കി. മീറ്റർ ദൂരത്തിലുള്ള റോഡുകളാണ് ദേശീയ നിലവാരത്തിൽ പൂർത്തീകരിച്ചത്. 8 റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. 16.74 കോടി രൂപാ ചെലവിൽ 20.92 കി. മീറ്റർ ദൂരത്തിലുള്ള റോഡുകളാണ് നിർമ്മാണം ആരംഭിച്ചത്.
നാഷണൽ ഹൈവേയിൽ അന്താരാഷ്ട്ര നിലവാരത്തിൽ (ബി. എം ആൻഡ് ബി. സി) ടാറിംഗ് നടത്തി ഇരു വശങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ജംഗ്ഷനുകളിൽ ടൈൽസ് വിരിച്ച് സുരക്ഷാ ക്രമീകരണങ്ങളായ ക്രാഷ് ബാരിയറുകളും ഡെലിനേറ്റർ പോസ്റ്റുകളും, സ്റ്റഡുകൾ, ദിശാ ബോർഡുകൾ, സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആന്റോ ആന്റണി എം. പി. അറിയിച്ചു.