പത്തനംതിട്ട : ശബരിമലയെ കലാപ ഭൂമി ആക്കാനുളള സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടിയിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസ സംരക്ഷണ ദീപം തെളിയിച്ചു. ഗാന്ധി പ്രതിമക്ക് ചുറ്റും മൺ ചിരാതുകളിൽ ദീപം തെളിയിച്ചാണ് വിശ്വാസ സംരക്ഷണ പ്രഖ്യാപനം നടത്തിയത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുവാൻ 40 ദിവസം മാത്രം ഉള്ളപ്പോൾ ദേവസ്വബോർഡും സ്ത്രീ പ്രവേശനത്തിന്റെ തിരക്കിലാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. മുൻ കാലങ്ങളിൽ തീർത്ഥാടന കാലത്ത് അയ്യപ്പൻമാർ കാൽനടയായി യാത്ര ചെയ്തിരുന്ന പാതകളുടെ സംരക്ഷണം, ശൗചാലയ ക്രമീകരണം എന്നിവ ഇതുവരെ പൂർത്തിയായിട്ടില്ല. ഭക്തജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ദേവസ്വം ബോർഡ് നോക്കു കുത്തിയാകുന്ന കാഴ്ച്ച ചരിത്രത്തിലാദ്യമാണെന്നും ബാബു ജോർജ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അനിൽ തോമസ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടയ്ക്കാട്, ജാസിംകുട്ടി, ലിജു ജോർജ്, അഡ്വ.സുനിൽ. എസ്, റോഷൻ നായർ, സതീഷ് പണിക്കർ, അഹ്മദ് ഷാ,ഏബ്രഹാം മാത്യു, വിനീത ത്യാഗരാജൻ, എലിസബത്ത് അബു, റെജി പൂവത്തൂർ, എൻ.സി മനോജ്, എം.ജി കണ്ണൻ, റോജി മെഴുവേലി, കെ.ജി അനിത, സുനിൽ പുല്ലാട്, സജി അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.