കോന്നി: ഉരുൾപൊട്ടലിനെ തുടർന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വകയാർ മുറ്റാക്കുഴി താന്നിമൂട് ഭാഗത്താണ് ഇന്നലെ വൈകിട്ട് ശക്തമായി പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലുണ്ടായത്. സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ബസുകളിലെ യാത്രക്കാരാണ് വഴിയിൽ അകപ്പെട്ടത്. സ്കൂൾ ബസുകൾ ഉൾപ്പടെ വെള്ളത്തിൽ കുടുങ്ങി​. അപ്രതീക്ഷിതമായി വെള്ളം ഒഴുകിയെത്തിയതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും കടകളിൽ നിന്നും ഇറങ്ങിയോടി. താന്നിമൂട് ഭാഗത്തുകൂടി സഞ്ചരിച്ച കാർ ഒഴുക്കി​ൽപ്പെട്ടത് പരിഭ്രാന്തി പരതി. ഒഴുകിയെത്തിയ കാർ സ്വകാര്യ ബസിൽ ഇടിച്ച് നിന്നതിനാൽ ആളപായം ഉണ്ടായില്ല. ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് വൻമരങ്ങൾ കടപുഴകിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി, വാർത്താവിനിമയ സംവിധാനവും താറുമാറായി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനത്തി​ന് നേതൃത്വം നൽകിയത്.

കോട്ടയം മുക്ക് ഭാഗത്തും നിരവധി കടകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി​. നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടു. കോട്ടയംമുക്ക് വെള്ളത്തിനടിയിലായതോടെ അനുബന്ധ റോഡുകളെ ആശ്രയിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇവി​ടെ മൂന്നുമണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്. റോഡിന് ഇരുവശങ്ങളിലുമുള്ള ചെറുതോടുകളും നിറഞ്ഞുകവിഞ്ഞു.