കോന്നി : പ്രളയത്തിന്റെ ഭീതിമാറും മുമ്പേ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ ജനം പ്രാണനും കൊണ്ട് വീടുവിട്ടോടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആർക്കും മനസിലായില്ല. ശക്തമായ മഴയ്ക്കൊപ്പം നിമിഷങ്ങൾക്കുള്ളിൽ റോഡും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. എല്ലാം ഉപേക്ഷിച്ച് ഉടുതുണിയുമായി പലരും പരക്കം പായുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി വിലപിക്കുന്ന മാതാപിതാക്കളെയും അവശതയിൽ വീടുകളിൽ കഴിയുന്ന വൃദ്ധജനങ്ങളെയും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനമൊരുക്കാൻ നാട്ടുകാർ ഒരുമനസോടെ പരിശ്രമിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. പിന്നീടാണ് ഉരുൾപൊട്ടിയതാണെന്ന് തിരിച്ചറിഞ്ഞത്. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. യാത്രക്കാരും വാഹനങ്ങളിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോജിതമായ ഇടപെടലാണ് നിരവധി ജീവനുകൾ രക്ഷിച്ചത്.
പ്രാർത്ഥനയോടെ നാട്ടുകാരും യാത്രക്കാരും
വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുകയും മുങ്ങിപ്പോവുകയും ചെയ്യുന്ന കാഴ്ച കണ്ട നാട്ടുകാരും യാത്രക്കാരും കരഞ്ഞുകൊണ്ട് പ്രാർത്ഥനയിലായിരുന്നു. സ്കൂൾ ബസുകൾ ഉൾപ്പടെ വെള്ളത്തിൽ അകപ്പെട്ടത്തോടെ കുട്ടികളുടെ കൂട്ടനിലവിളിയും ഉയർന്നു. കുഞ്ഞുങ്ങളുടെ ധൈര്യം ചോർന്നുപോകാതെ ഡ്രൈവർമാരും ആയമാരും ആത്മവിശ്വാസം പകർന്നുനൽകി. ഓരോ നിമിഷവും വെള്ളം ഉയർന്നുവന്നതോടെ രക്ഷാപ്രവർത്തകരും പരിഭ്രാന്തിയിലായി. ഒടുവിൽ കുട്ടികളെ സുരക്ഷിതമായി വാഹനങ്ങളിൽ നിന്ന് പുറത്തെത്തിച്ചതോടെയാണ് ആശ്വാസമായത്. ഒടുവിൽ വെള്ളം കുറഞ്ഞപ്പോൾ കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ ഏറെ ശ്രമപ്പെട്ടാണ് യാത്ര തുടർന്നത്.
വീടുകളിലേക്ക് മടങ്ങാൻ പകച്ച് ജനം
വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും തിരിച്ച് വീട്ടിലേക്ക് മടങ്ങാൻ ജനങ്ങൾക്ക് ഭയമാണ്. ഏതുനിമിഷവും അടുത്ത ഉരുൾപൊട്ടുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.