പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭാഷാ പരിപോഷണ പരിപാടിയായ മലയാളത്തിളക്കം ഹൈസ്‌കൂൾ ക്ലാസുകളിലേക്ക് ജില്ലയിൽ വ്യാപിപ്പിക്കുന്നു. സമഗ്രശിക്ഷയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജില്ലയിലെ 163 ഹൈസ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പൊതുവിദ്യാലയങ്ങളിൽ മാത്രമാണ് പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നത്. 2016- 17 ൽ എൽ.പിതലത്തിലും 2017 - 18 ൽ യു.പിതലത്തിലും ജില്ലാതലത്തിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നു. മാതൃഭാഷയിൽ നൈപുണി ആർജ്ജിച്ചാൽ മാത്രമേ കുട്ടിക്ക് മറ്റു വിഷയങ്ങളിൽ പഠനമുന്നേറ്റം സാധ്യമാകൂ എന്ന കണ്ടെത്തലാണ് ഈ വ്യാപനത്തിന്റെ അടിസ്ഥാനം.
പ്രീടെസ്റ്റിന്റെ വെളിച്ചത്തിൽ കണ്ടെത്തിയ കുട്ടികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്.20 വീതം കുട്ടികളടങ്ങുന്ന ബാച്ചുകളായി തിരിച്ചാണ് പരിശീലനം . വൈവിധ്യമാർന്ന പഠനബോധന തന്ത്രങ്ങളിലൂടെ കുട്ടികളിൽ ആവശ്യകതാ ബോധവും പഠനതാത്പര്യവും സൃഷ്ടിക്കുന്ന രീതി ശാസ്ത്രമാണ് ക്ലാസുകളുടെ പ്രത്യേകത. ജില്ലയിൽ മൂന്നു ഘട്ടങ്ങളായാണ് മലയാളത്തിളക്കം ഹൈസ്‌കൂൾ വിഭാഗത്തിൽ പൂർണ്ണമാക്കുന്നത്.ഒന്നാംഘട്ടം ഒക്ടോബർ 16 ന് ആരംഭിക്കും.ഓരോ ബി.ആർ.സിയിലെയും ഓരോ പഞ്ചായത്തിലെ സ്‌കൂളുകളിലാണ് ഒന്നാംഘട്ടം മലയാളത്തിളക്കം പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയ സമഗ്രശിക്ഷയിൽ നിന്നുള്ള റിസോഴ്‌സ് പേഴ്‌സൺസ് തുടർച്ചയായ 8 പ്രവൃത്തിദിവസങ്ങളിൽ സ്‌കൂളിൽ ക്ലാസുകളെടുക്കും. ഒരാൾ ആ സ്‌കൂളിൽ നിന്നുള്ള അദ്ധ്യാപികയായിരിക്കും. ജനപ്രതിനിധികൾ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ 8 ാം ദിവസം സ്‌കൂൾതല വിജയപ്രഖ്യപനവും നടത്തും. കുട്ടികൾക്ക് പ്രോത്സാഹന സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയായി ഒരുക്കി ജനപ്രതിനിധികൾ ഉദ്ഘാടനം ചെയ്യും.
ഒന്നാംഘട്ടത്തിനു ശേഷം ബി.ആർ.സി ജില്ലാതലങ്ങളിൽ പദ്ധതി അവലോകനം നടത്തിയശേഷം രണ്ടാംഘട്ടത്തിലേക്കു പ്രവേശിക്കും.