തിരുവല്ല: റവന്യൂ ടവറിലെ അശാസ്ത്രീയ പാർക്കിംഗ് സംവിധാനം മൂലം ടവറിലേക്കുള്ള റോഡിലും പരിസരത്തും ഗതാഗതക്കുരുക്ക് പതിവാകുന്നു. വാടകയിനത്തിൽ പ്രതിമാസം ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന റവന്യൂ ടവർ പരിസരം പാർക്കിംഗിന് അനയോജ്യമായ തരത്തിൽ ഒരുക്കാൻ ഉടമസ്ഥരായ കേരളാ ഹൗസിംഗ് ബോർഡ് തയാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം. ടവറിന്റെ ചുറ്റുമുള്ള ഭൂമി നിരപ്പാക്കി തറയോട് പാകി പാർക്കിംഗ് ലൈൻ അടയാളപ്പെടുത്താനും ചുറ്റുമതിൽ നിർമിക്കാനും ഹൗസിംഗ് ബോർഡ് അധികൃതർ നാല് വർഷം മുമ്പ് തീരുമാനമെടുത്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. അഞ്ഞൂറിലേറെ വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാൻ സൗകര്യമുള്ള റവറിനു ചുറ്റും തോന്നിയ പോലെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ടവറിലെത്തുന്നവർ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമാകുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊതുമരാമത്ത് വകുപ്പര രണ്ട് മാസം മുമ്പ് പാർക്കിംഗ് നിരോധന ബോർഡ് സ്ഥാപിച്ചിരുന്നു. പക്ഷേ നിരോധന ബോർഡിന്റെ കീഴിൽ വരെ വാഹനങ്ങൾ നിരന്നു കിടക്കുകയാണ്. അനധികൃത പാർക്കിംഗിനെതിരെ നടപടിയെടക്കേണ്ട പൊലീസാകട്ടെ മൗനത്തിലും. നഗരത്തിലെ പാതയോരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മേൽ പെറ്റിക്കേസ് ചുമത്തി സ്റ്റിക്കർ പതിക്കുന്ന പൊലീസ് റവന്യൂ ടവർ റോഡിലെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. ഉന്നതരുടെ വാഹനങ്ങളാണ് നിയമ ലംഘനം നടത്തുന്നതിലേറെയും എന്നതാണ് പൊലീസിനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. താലൂക്ക് ഓഫീസും കോടതിയുമടക്കം ഒട്ടനവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന റവന്യൂ ടവറിൽ എത്താനായി മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ കാത്തു കിടക്കേണ്ട അവസ്ഥയാണ്.
ഫയർഫോഴ്സും കുരുക്കിലാകും
ടവറിന് സമീപം പ്രവർത്തിക്കുന്ന അഗ്‌നിശമന സേനയാണ് കുരുക്ക് മൂലം ഏറെ കഷ്ടപ്പെടുന്നത്. അവശ്യ ഘട്ടങ്ങളിൽ ഫയർ എൻജിൻ അടക്കമുള്ള വാഹനങ്ങൾ കൊണ്ടു പോകാൻ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർ പെടാപ്പാട് പെടുന്നുണ്ട്. അനധികൃത പാർക്കിംഗിനെതിരെ നടപടി എടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ആക്ഷേപമുന്നയിച്ചിരുന്നു. നടപടി ഉണ്ടാകുമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ നൽകിയ ഉറപ്പും പാഴായ അവസ്ഥയാണ്. റവന്യൂ ടവർ പരിസരം പാർക്കിങ്ങിന് അനയോജ്യമായ തരത്തിൽ പുനക്രമീകരിച്ചാൽ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.